രാഷ്ട്രീയത്തിൽ സ്ഥിരം ശത്രുക്കളും മിത്രങ്ങളും ഇല്ല: അജിത് പവാർ
Monday, August 28, 2023 7:29 AM IST
മുംബൈ: രാഷ്ട്രീയത്തിൽ സ്ഥിരം ശത്രുക്കളും മിത്രങ്ങളും ഇല്ലെന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻസിപി വിമത നേതാവുമായ അജിത് പവാർ. സംസ്ഥാനത്തെ ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാനാണ് തന്റെ വിഭാഗം, ബിജെപി-ശിവസേന സഖ്യത്തിൽ ചേർന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഒരു പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തിന്റെ വികസനത്തിന് വേണ്ടിയാണ് ഞങ്ങൾ ഈ തീരുമാനം എടുത്തത്. രാഷ്ട്രീയത്തിൽ സ്ഥിരം ശത്രുക്കളില്ല, സ്ഥിരം മിത്രങ്ങളില്ല.
മഹാരാഷ്ട്രയിലെ എല്ലാവരോടും പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു, ഞങ്ങൾ മഹായുതി(അജിത് പവാറിന്റെയും ബിജെപിയുടെയും ഏക്നാഥ് ഷിൻഡെയുടെയും നേതൃത്വത്തിലുള്ള സഖ്യം) സഖ്യത്തിലാണെങ്കിലും, എല്ലാ ജാതിയിലും മതത്തിലും പെട്ട ആളുകളെ സംരക്ഷിക്കേണ്ടത് ഞങ്ങളുടെ കടമയാണ്.
ഞങ്ങൾ എന്നും കർഷകർക്ക് വേണ്ടി പ്രവർത്തിക്കും. പാടത്ത് വെള്ളമില്ലാതെ കൃഷി നടക്കില്ല. സംസ്ഥാനത്തെ ജലവിഭവ വകുപ്പിൽ ഉണ്ടായിരുന്നപ്പോൾ ഞാൻ ഒരുപാട് കാര്യങ്ങൾ ചെയ്തിട്ടുണ്ട്. സംസ്ഥാന കൃഷിമന്ത്രി ധനഞ്ജയ് മുണ്ടെയോട് ഡൽഹിയിലെത്തി കേന്ദ്ര നേതാക്കളെ കാണണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അജിത് പവാർ പറഞ്ഞു.
ഉള്ളി പ്രശ്നം വന്നപ്പോൾ പലർക്കും ഫോൺ വന്നു. പ്രതിപക്ഷം എപ്പോഴും തെറ്റായ വിവരങ്ങളാണ് നൽകുന്നത്. ഞാൻ ധനഞ്ജയനോട് ഡൽഹിയിലേക്ക് പോകാൻ ആവശ്യപ്പെട്ടു. ധനഞ്ജയ് പോയി പരമാവധി സഹായം അഭ്യർഥിച്ചു. ആഭ്യന്തര മന്ത്രി അമിത് ഷാ ഉടൻ തന്നെ രണ്ട് ലക്ഷം മെട്രിക് ടൺ ഉള്ളി കിലോയ്ക്ക് 24 രൂപയ്ക്ക് നൽകിയെന്ന് അജിത് പവാർ വ്യക്തമാക്കി.
അതേസമയം, ഉള്ളിയുടെ കയറ്റുമതി തീരുവ 40 ശതമാനം വർധിപ്പിക്കാനുള്ള കേന്ദ്ര സർക്കാരിന്റെ തീരുമാനം കർഷക വിരുദ്ധമാണെന്ന് മഹാരാഷ്ട്ര കോൺഗ്രസ് അധ്യക്ഷൻ നാനാ പട്ടോലെ പറഞ്ഞു.
അവർ നമ്മുടെ കർഷകരോട് കള്ളം പറയുകയാണ്. എന്റെ ചോദ്യം ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിനോടും പിയൂഷ് ഗോയലിനോടുമാണ്. നിങ്ങൾ എന്തിനാണ് കയറ്റുമതി നികുതി ഉയർത്തുന്നത്?. ഉള്ളി പഴകിയിരിക്കുകയാണ്. ഇവ നാഷണൽ അഗ്രികൾച്ചറൽ കോഓപ്പറേറ്റീവ് മാർക്കറ്റിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യ ഉടൻ വാങ്ങിയില്ലെങ്കിൽ കർഷകർ നഷ്ടത്തിലാകും, ”പട്ടോലെ വ്യക്തമാക്കി.