ആടിനെ മോഷ്ടിച്ചെന്ന് ആരോപണം; ദളിത് യുവാക്കളെ തലകീഴായി കെട്ടിത്തൂക്കി മർദിച്ചു
Sunday, August 27, 2023 10:09 PM IST
മുംബൈ: മഹാരാഷ്ട്രയിൽ ആടിനെയും പ്രാവുകളെയും മോഷ്ടിച്ചെന്ന് ആരോപിച്ച് നാല് ദളിത് യുവാക്കളെ മരത്തിൽ തലകീഴായി കെട്ടിയിട്ട് മർദിച്ചു.
അഹമ്മദ്നഗർ ജില്ലയിലെ ശ്രീരാംപുരിൽ വെള്ളിയാഴ്ചയാണ് ക്രൂരമായ സംഭവം നടന്നത്. ഹാരെഗാവ് ഗ്രാമത്തിലെ നാല് ദളിത് യുവാക്കളെ വീട്ടിൽ നിന്ന് വിളിച്ചിറക്കി സമീപത്തെ വയലിലേക്ക് കൊണ്ടുപോയി ആണ് അക്രമിസംഘം മർദിച്ചത്.
യുവാക്കളെ മരത്തിൽ കെട്ടിയിട്ട് കമ്പുകൾ കൊണ്ട് മർദിക്കുന്ന ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു. ഇതേത്തുടർന്ന്, കൊലപാതകശ്രമം, തട്ടിക്കൊണ്ടുപോകൽ, പട്ടികജാതിയിൽപ്പെട്ടവരോടുള്ള അതിക്രമം തുടങ്ങിയ വകുപ്പുകൾ ചുമത്തി പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.
കേസിൽ ഒരാൾ അറസ്റ്റിലായതായും പ്രതികളായ മറ്റ് അഞ്ച് പേർക്കായി തെരച്ചിൽ തുടരുകയാണെന്നും പോലീസ് അറിയിച്ചു.