"ശോഭായാത്ര സംഘർഷത്തിന് കാരണമായേക്കും'; നൂഹിൽ വീണ്ടും ഇന്റർനെറ്റ് റദ്ദാക്കൽ
Saturday, August 26, 2023 7:49 PM IST
ഛണ്ഡിഗഡ്: മതവിഭാഗങ്ങൾ തമ്മിലുള്ള സംഘർഷം മൂലം കലാപകലുഷിതമായ ഹരിയാനയിലെ നൂഹിൽ വീണ്ടും ഇന്റർനെറ്റ് റദ്ദാക്കൽ നടപടിയുമായി സർക്കാർ. ഹിന്ദുത്വ സംഘടനകൾ തിങ്കളാഴ്ച നടത്തുന്ന ശോഭായാത്ര സംഘർഷത്തിന് കാരണമായേക്കുമെന്നതിനാലാണ് ഈ നീക്കം.
ഓഗസ്റ്റ് 26 മുതൽ 28 വരെയുള്ള സമയത്ത് നൂഹിൽ ഇന്റർനെറ്റ്, ബൾക്ക് എസ്എംഎസ് സേവനങ്ങൾ ലഭ്യമായിരിക്കുകയില്ലെന്ന് സംസ്ഥാന ആഭ്യന്തര വകുപ്പ് അഡീഷണൽ സെക്രട്ടറി അറിയിച്ചു. സാമൂഹ്യമാധ്യമങ്ങൾ വഴി പ്രകോപനപരമായ സന്ദേശങ്ങൾ പ്രചരിക്കാതിരിക്കാനാണ് ഈ നടപടി.
തിങ്കളാഴ്ച വരെ പ്രദേശത്ത് 144 പ്രഖ്യാപിച്ചിട്ടുമുണ്ട്. നാല് പേരിലധികം കൂട്ടമായി നിൽക്കരുതെന്നും ലൈസൻസുള്ള തോക്കുകൾ, ലാത്തികൾ, മറ്റ് ആയുധങ്ങൾ എന്നിവ കൈവശം കൊണ്ടുനടക്കരുതെന്നും അധികൃതർ നിർദേശം നൽകി.
ജൂലൈ 31-ന് വിശ്വ ഹിന്ദു പരിഷത്ത് നൂഹിൽ നടത്തിയ റാലിക്കിടെയുണ്ടായ സംഘർഷത്തെത്തുടർന്ന് രണ്ട് പോലീസ് ഉദ്യോഗസ്ഥരും മതപണ്ഡിതനുമുൾപ്പെടെ ആറ് കൊല്ലപ്പെട്ടിരുന്നു.