പ്രിഗോഷിൻ വീണു, ഇനി രക്ഷകൻ പുടിൻ; വാഗ്നർ പോരാളികൾക്കായി വിധേയത്വ പ്രസ്താവനയുമായി റഷ്യ
Saturday, August 26, 2023 7:31 PM IST
മോസ്കോ: യെവ്ഗിനി പ്രിഗോഷിന്റെ "മരണത്തോടെ' ത്രിശങ്കുവിലായ വാഗ്നർ പോരാളികളെ സമ്പൂർണമായി തങ്ങൾക്ക് വിധേയരാക്കാൻ നീക്കങ്ങളുമായി റഷ്യ.
വാഗ്നർ കൂലിപ്പട്ടാളത്തിലെ പോരാളികൾ റഷ്യൻ വിധേയത്വ പ്രസ്താവനയിൽ നിർബന്ധമായും ഒപ്പ് വയ്ക്കണമെന്ന് പ്രസിഡന്റ് വ്ലാദിമിർ പുടിൻ ആവശ്യപ്പെട്ടു.
വാഗ്നർ പോരാളികൾ റഷ്യയോട് വിധേയത്വവും കൂറും വ്യക്തമാക്കുന്ന പ്രസ്താവന സമർപ്പിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഉത്തരവ് ഇന്ന് രാവിലെയാണ് പുടിൻ പുറപ്പെടുവിച്ചത്.
യുക്രെയ്ൻ പോരാട്ടത്തിൽ റഷ്യയ്ക്കായി അണിനിരക്കുന്ന എല്ലാവരും വിധേയത്വ പ്രസ്താവന സമർപ്പിക്കണമെന്നും ഇവരെല്ലാം റഷ്യൻ കമാൻഡർമാരുടെയും അധികൃതരുടെയും നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.