മിൽമ തന്നെ വേണമെന്നില്ല! ഓണക്കിറ്റ് വിതരണം വേഗത്തിലാക്കാൻ സർക്കാർ
Saturday, August 26, 2023 6:18 PM IST
തിരുവനന്തപുരം: മിൽമ പായസം മിക്സ് ഉൾപ്പെടെയുള്ള സാധനങ്ങളുടെ ലഭ്യതക്കുറവ് മൂലം ഓണക്കിറ്റ് വിതരണം മന്ദഗതിയിലായ സാഹചര്യം മറികടക്കാൻ അടിയന്തര നീക്കവുമായി സർക്കാർ.
മിൽമ പായസം മിക്സ് എത്തിക്കാത്ത ഇടങ്ങളിൽ മറ്റ് കമ്പനികളുടെ പായസം മിക്സ് വാങ്ങാൻ സപ്ലൈകോ നിർദേശം നല്കി. മിൽമ പായസം മിക്സിന്റെ വിലയുമായി വലിയ തോതിലുള്ള അന്തരം വരാത്ത ബ്രാൻഡുകളുടെ പായസം മിക്സ് കിറ്റിൽ ഉൾപ്പെടുത്താമെന്നാണ് നിർദേശം.
സമാനമായ രീതിയിൽ, കറിപ്പൊടി പാക്കറ്റുകൾ ലഭ്യമല്ലാത്ത സ്ഥലങ്ങളിൽ മറ്റ് കമ്പനികളുടെ ഉൽപന്നങ്ങൾ വാങ്ങി കിറ്റിൽ നിറയ്ക്കാനും അനുവാദം നൽകിയിട്ടുണ്ട്.
സംസ്ഥാനത്തെ 5.84 ലക്ഷം മഞ്ഞകാര്‍ഡ് ഉടമകള്‍ക്കും അനാഥാലയങ്ങൾ, അഗതി മന്ദിരങ്ങൾ എന്നിവടങ്ങളിൽ കഴിയുന്ന 20,000 പേര്‍ക്കും മാത്രമാണ് ഇത്തവണ ഓണക്കിറ്റ് ലഭിക്കുക. കടുത്ത സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്നാണ് ഇത്തവണ കിറ്റ് വിതരണം സര്‍ക്കാര്‍ പരിമിതപ്പെടുത്തിയത്.
എന്നാൽ, സാധനങ്ങളുടെ ലഭ്യതക്കുറവ് മൂലം ഇതുവരെ 50,000 ഓണക്കിറ്റുകൾ മാത്രമാണ് വിതരണം ചെയ്യാൻ സാധിച്ചതെന്നാണ് സപ്ലൈകോ അറിയിച്ചത്.