"ജയിക്കാൻ സിപിഎം എന്ത് വൃത്തികേടും കാട്ടും'; അച്ചു ഉമ്മനെതിരായ സൈബർ ആക്രമണത്തെ അപലപിച്ച് പ്രതിപക്ഷം
Friday, August 25, 2023 8:08 PM IST
തിരുവനന്തപുരം: സിപിഎം നേതാക്കളുടെ അറിവോടെയാണ് ഉമ്മൻ ചാണ്ടിയുടെ മകൾ അച്ചു ഉമ്മനെ സിപിഎം സൈബർ ഗുണ്ടകൾ ഹീനമായി ആക്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.
തെരഞ്ഞെടുപ്പ് ജയിക്കാൻ എന്ത് വൃത്തികേടും കാട്ടുമെന്ന അവസ്ഥയിലാണ് സിപിഎമ്മെന്നും ഒരു കാരണവശാലും അവർ വിജയിക്കില്ലെന്നും സതീശൻ പറഞ്ഞു. ഇതെല്ലാം അവർക്ക് ഒരു തിരിച്ചടിയായി മാറി ചാണ്ടി ഉമ്മന്റെ ഭൂരിപക്ഷം വർധിപ്പിക്കും.
പുതുപ്പള്ളിയിൽ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ആദ്യഘട്ടത്തിൽ സിപിഎം ജില്ലാ നേതാക്കൾ ഉമ്മൻ ചാണ്ടിയെയും അദ്ദേഹത്തിന്റെ കുടുംബത്തെയും അപമാനിച്ചു. തിരിച്ചടിയുണ്ടാകുമെന്ന് കണ്ടപ്പോൾ ഇനി ആരും ഉമ്മൻ ചാണ്ടിയെ ആക്ഷേപിക്കില്ലെന്ന് എം.വി. ഗോവിന്ദൻ പറഞ്ഞു.
അതിന് ശേഷം ഇടുക്കിയിൽ നിന്നും എം.എം മണിയെ ഇറക്കി ഉമ്മൻ ചാണ്ടിയെയും കുടുംബത്തെയും ആക്ഷേപിച്ചു. നിങ്ങൾ സ്ഥാനാർഥിയായ ചാണ്ടി ഉമ്മനെ കുറിച്ച് പറഞ്ഞോളൂ; പക്ഷേ അദ്ദേഹത്തിന്റെ സഹോദരിമാരെ ആക്ഷേപിക്കുന്നത് വളരെ മോശമായ കാര്യമാണെന്നും സതീശൻ കൂട്ടിച്ചേർത്തു.