ബിൽ അടച്ചിട്ട് പോയാൽ മതി! വിദേശികളെ "പൂട്ടാൻ' കുവൈറ്റ്
Friday, August 25, 2023 6:04 PM IST
കുവൈറ്റ് സിറ്റി: രാജ്യം വിടുന്നതിന് മുമ്പായി വിദേശ പൗരന്മാർ തങ്ങളുടെ വൈദ്യുത ബില്ലും വെള്ളക്കരവും പൂർണമായും അടച്ചുതീർക്കണമെന്ന നിബന്ധനയുമായി കുവൈറ്റ് സർക്കാർ. ബിൽ കുടിശികയുള്ള വിദേശികളെ രാജ്യം വിടാൻ അനുവദിക്കുകയില്ലെന്ന് വ്യക്തമാക്കി സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു.
സർക്കാർ സേവനങ്ങൾ ലഭ്യമാകുന്ന "സഹേൽ' ആപ്പ് ഉപയോഗിച്ചോ ഊർജ, ജല വകുപ്പിന്റെ "മ്യു പേ' ഓൺലൈൻ പ്ലാറ്റ്ഫോം വഴിയോ ആണ് ബില്ലുകൾ അടയ്ക്കേണ്ടത്. ബിൽ അടയ്ക്കാനായി കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ടി-4 ടെർമിനലിൽ പ്രത്യേക കൗണ്ടറും സജ്ജമാക്കിയിട്ടുണ്ട്.
ട്രാഫിക് ഫൈൻ ഒടുക്കാതെ വിദേശികൾക്ക് രാജ്യം വിടാൻ സാധിക്കില്ലെന്ന ആഭ്യന്തര വകുപ്പ് നിർദേശം വന്ന് ഒരാഴ്ചയ്ക്കുള്ളിലാണ് ഊർജ വകുപ്പും സമാന ഉത്തരവിറക്കിയത്.