എം.എം. മണി വാ പോയ കോടാലിപോലെ ചീത്തപറയാന് ഇറങ്ങിയിരിക്കുകയാണെന്ന് സതീശൻ
Thursday, August 24, 2023 9:22 PM IST
കോട്ടയം: സിപിഎം നേതാവ് എം.എം. മണി വാ പോയ കോടാലിപോലെ ചീത്തപറയാന് ഇറങ്ങിയിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്. മുഖ്യമന്ത്രി മലയാള ഭാഷയ്ക്ക് സംഭാവന നല്കിയ വാക്കാണ് "പരനാറി'. അതേ വാക്കാണ് എം.എം. മണിയും ഇപ്പോള്‍ ഉപയോഗിച്ചിരിക്കുന്നത്. ഇതിനെല്ലാം മറുപടി നല്‍കണമെന്ന് പുതുപ്പള്ളിയിലെ ജനങ്ങളോട് അഭ്യര്‍ഥിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച അന്നുതന്നെ ജില്ലയിലെ സിപിഎം നേതാവ്, ഉമ്മന്‍ ചാണ്ടിക്കും കുടുംബത്തിനും എതിരെ പ്രചരണം ആരംഭിച്ചു. ജനങ്ങള്‍ക്കിടയില്‍ നിന്നും ശക്തമായ പ്രതിഷേധം ഉണ്ടായപ്പോള്‍ ഇനി പറയില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പറഞ്ഞു.
എന്തെങ്കിലും ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ ഉമ്മന്‍ ചാണ്ടിക്കെതിരെ പറഞ്ഞ എം.എം. മണിക്കെതിരെ നടപടി എടുക്കണം. പാര്‍ട്ടി സെക്രട്ടറി ഗോവിന്ദന് എന്തെങ്കിലും വിലയുണ്ടോയെന്ന് അറിയട്ടെ. പാര്‍ട്ടി സെക്രട്ടറിയുടെ അറിവോടെയാണോ എം.എം മണി ഇങ്ങനെ പറഞ്ഞതെന്നും സതീശൻ ചോദിച്ചു.