ശ്രീലങ്കയ്ക്ക് നൽകുന്ന സഹായം ഇനിയും തുടരുമെന്ന് വിദേശകാര്യമന്ത്രി എസ്. ജയശങ്കർ
Thursday, August 24, 2023 5:23 AM IST
ന്യൂഡൽഹി: ശ്രീലങ്കയ്ക്ക് ഇന്ത്യ നൽകുന്ന സഹായം ഇനിയും തുടരുമെന്ന് വിദേശകാര്യമന്ത്രി എസ്. ജയശങ്കർ. സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ശ്രീലങ്കയിലെ സാധ്യമായ എല്ലാ മേഖലകളിലും വികസന സഹായം തുടരുമെന്നാണ് അദ്ദേഹം അറിയിച്ചത്.
ശ്രീലങ്ക-ഇന്ത്യ പാർലമെന്ററി ഫ്രണ്ട്ഷിപ്പ് അസോസിയേഷന്റെ ഭാഗമായ പാർലമെന്റ് അംഗങ്ങളുമായി വീഡിയോ കോളിലൂടെ സംസാരിക്കവെയാണ്, ഇന്ത്യ-ശ്രീലങ്ക ബന്ധം ശക്തിപ്പെടുത്തുന്നതിന് ഇന്ത്യ എല്ലാ മേഖലകളിലും പ്രവർത്തിക്കുന്നുവെന്ന് വിദേശകാര്യമന്ത്രി ഊന്നിപ്പറഞ്ഞത്.
കൊളംബോയിലെ ഇന്ത്യൻ ഹൈക്കമ്മീഷണർ ഗോപാൽ ബഗ്ലേയും പാർലമെന്റിൽ സന്നിഹിതനായിരുന്നു. ഭക്ഷ്യസുരക്ഷ, ഊർജ സുരക്ഷ, കറൻസി പിന്തുണ, ദീർഘകാല നിക്ഷേപം എന്നീ നാല് പ്രധാന മേഖലകളിലൂടെ ഉഭയകക്ഷി ബന്ധം കൂടുതൽ മെച്ചപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നതായി അദ്ദേഹം പറഞ്ഞു.
പാർലമെന്റ്റി ഫ്രണ്ട്ഷിപ്പ് അസോസിയേഷൻ ഉപയോഗിച്ച് നടപ്പിലാക്കാൻ കഴിയുന്ന എക്സ്ചേഞ്ച് പ്രോഗ്രാമുകളിലൂടെ ബന്ധങ്ങൾ കൂടുതൽ മെച്ചപ്പെടുത്താൻ കഴിയുമെന്ന് ശ്രീലങ്കൻ പാർലമെന്ററി സ്പീക്കർ മഹിന്ദ യാപ്പ അബേവർധന പറഞ്ഞു.
കഴിഞ്ഞ വർഷം ഏറ്റവും മോശമായ സാമ്പത്തിക പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തിയപ്പോൾ ശ്രീലങ്കയ്ക്ക് ഇന്ത്യ നൽകിയ സാമ്പത്തിക സഹായങ്ങൾക്ക് പാർലമെന്റ് അംഗങ്ങൾ നന്ദി രേഖപ്പെടുത്തി.