പശു ശരീരത്തിലേക്ക് വീണ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം
Wednesday, August 23, 2023 11:55 PM IST
തൊടുപുഴ: തൊഴുത്തിൽ നിന്ന് അഴിഞ്ഞുപോയ പശുവിനെ പിടികൂടുന്നതിനിടെ, പശു ശരീരത്തിലേക്ക് പതിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. ഇടുക്കി നെടുങ്കണ്ടം കൊച്ചറ വയലാര്നഗറില് തെക്കേടത്ത് പുരുഷോത്തമന്റെ ഭാര്യ ഉഷ(50) ആണ് മരിച്ചത്.
ഇന്ന് ഉച്ചകഴിഞ്ഞ് 3.30-ഓടെയാണ് അപകടം നടന്നത്. തൊഴുത്തില്‍നിന്ന് അഴിക്കുന്നതിനിടെ കുതറിയോടിയ പശുവിനെ പിടിക്കാന്‍ ശ്രമിക്കുന്നതിനിടെ തൊഴുത്തിനോട് ചേര്‍ന്നുള്ള ചെറിയ വെള്ളക്കുഴിയിലേക്ക് ഉഷയും പശുവും വീഴുകയായിരുന്നു.
വീഴ്ചയെത്തുടർന്ന് കുഴിക്കുള്ളിൽ പുതഞ്ഞുപോയ ഉഷയുടെ ശരീരത്തിന് മുകളിലേക്കാണ് പശു വീണത്.
ഉഷയെ കാണാതായതോടെ ഭര്‍ത്താവ് നടത്തിയ തെരച്ചിലിലാണ് ഇവരെ കുഴിയിൽ വീണുകിടക്കുന്ന നിലയിൽ കണ്ടെത്തിയത്. ഉഷയെ ഉടനടി പുറത്തെത്തിച്ച് ചേറ്റുകുഴിയിലെ ആശുപത്രിയില്‍ എത്തിച്ചിരുന്നു. വിദഗ്ധ ചികിത്സയ്ക്കായി കട്ടപ്പനയിലേക്ക് മാറ്റുന്നതിനടയിലാണ് മരണം സംഭവിച്ചത്.