സിപിഎം ഓഫീസ് നിര്‍മാണപ്രവൃത്തി നിര്‍ത്തണം; റവന്യു വകുപ്പ് നോട്ടീസ് നല്കി
Wednesday, August 23, 2023 11:51 AM IST
ഇടുക്കി: സിപിഎം ഓഫീസ് നിര്‍മാണ പ്രവര്‍ത്തികള്‍ നിര്‍ത്തിവയ്ക്കാന്‍ റവന്യു വകുപ്പ് നോട്ടീസ് നല്കി. ഉടുമ്പന്‍ചോല എല്‍ആര്‍ തഹസില്‍ദാര്‍ ആണ് നോട്ടീസ് നല്‍കിയത്. കളക്ടറുടെ നിര്‍ദേശ പ്രകാരമാണ് നടപടി.
മൂന്നാറിലെ സിപിഎം പാര്‍ട്ടി ഓഫീസുകളുടെ നിര്‍മാണം അടിയന്തരമായി നിര്‍ത്തിവയ്ക്കാന്‍ ഹൈക്കോടതി കഴിഞ്ഞദിവസം ഉത്തരവിട്ടിരുന്നു. ഉടുമ്പന്‍ചോല, ബൈസന്‍വാലി, ശാന്തന്‍പാറ എന്നിവിടങ്ങളിലെ ഓഫീസുകളുടെ നിര്‍മാണം നിര്‍ത്തിവയ്ക്കണമെന്ന് കോടതി ഇടുക്കി ജില്ലാ കളക്ടര്‍ക്ക് നിര്‍ദേശം നല്കി.
ഇടുക്കിയിലെ ഭൂപ്രശ്നങ്ങളുമായി ബന്ധപ്പെട്ട കേസുകള്‍ പരിഗണിക്കുന്ന പ്രത്യേക ബെഞ്ചിന്റേതാണ് തീരുമാനം. മൂന്നിടത്തെയും സിപിഎം ഓഫീസുകള്‍ നിയമവിരുദ്ധമായാണ് നിര്‍മിക്കുന്നതെന്ന മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് വിഷയത്തില്‍ കോടതി ഇടപെട്ടത്.
എന്നാല്‍ ഹൈക്കോടതി ഉത്തരവ് ലംഘിച്ച് രാത്രിയിലാണ് സിപിഎം ഇടുക്കി ശാന്തന്‍പാറ ഓഫീസില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടന്നതായി വിവരം പുറത്തുവന്നിരുന്നു. സിപിഎം ഓഫീസ് നിര്‍മാണം തുടര്‍ന്നതില്‍ കോടതി രോഷം പ്രകടിപ്പിച്ചിരുന്നു. റവന്യു വകുപ്പ് നോട്ടീസ് കിട്ടയതോടെ സിപിഎം പണികള്‍ നിര്‍ത്തിവച്ചു.
കേസ് ബുധനാഴ്ച വീണ്ടും ഹൈക്കോടതി പരിഗണിക്കും. ഉച്ചയ്ക്ക് 12ന് ഹാജരാകാന്‍ സര്‍ക്കാര്‍ അഭിഭാഷകന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.