വയറ്റില്‍ ശസ്ത്രക്രിയ ഉപകരണം കണ്ടെത്തിയ സംഭവം; ഡോക്ടർമാരുടെ അറസ്റ്റിന് സാധ്യത
Monday, August 21, 2023 8:12 PM IST
കോഴിക്കോട്: പ്രസവശസ്ത്രക്രിയയ്ക്കിടെ ഹർഷിന എന്ന യുവതിയുടെ വയറ്റില്‍ ശസ്ത്രക്രിയ ഉപകരണം കുടുങ്ങിയ കേസില്‍ തുടർനടപടികള്‍ വേഗത്തിലാക്കാന്‍ അന്വേഷണ സംഘത്തിന്റെ തീരുമാനം.
ഹര്‍ഷിനയുടെ മൂന്നാം പ്രസവശസ്ത്രക്രിയ നടന്ന കോഴിക്കോട് മെഡിക്കല്‍ കോളജിലെ രണ്ട് ഡോക്ടര്‍മാര്‍, നഴ്സുമാര്‍ എന്നിവരെ അറസ്റ്റ് ചെയ്യുന്നതടക്കമുള്ള നടപടികളിലേക്ക് കടക്കാനാണ് ആലോചന. നിയമവിദഗ്ധരുടെ കൂടി അഭിപ്രായം തേടിയിട്ടാകും നടപടി.
ഹര്‍ഷിനയുടെ രണ്ടാമത്തെ പ്രസവശസ്ത്രക്രിയയ്ക്ക് ശേഷം കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ നടത്തിയ സ്കാനിംഗിൽ ശരീരത്തില്‍ ലോഹത്തിന്റെ സാന്നിധ്യം ഉണ്ടായിരുന്നില്ല. ഇത് പരിശോധിക്കാനായി എംആര്‍ഐ സ്കാനിംഗ് മെഷീന് കമ്പനി പ്രതിനിധികളുടെ മൊഴിയെടുക്കാനും അന്വേഷണ സംഘം തീരുമാനിച്ചിട്ടുണ്ട്.
അതേസമയം, ഹർഷിനയുടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തില്‍ ഇടപെട്ട് മനുഷ്യാവകാശകമ്മീഷന് രംഗത്തെത്തി. ഹർഷിനയുടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ പോലീസില്‍ നിന്ന് വീണ്ടും റിപ്പോർട്ട് തേടിയതായി മനുഷ്യവകാശ കമ്മീഷൻ ആക്ടിംഗ് ചെയർമാൻ കെ. ബൈജുനാഥ് അറിയിച്ചു.
മെഡിക്കൽ ബോർഡ് റിപ്പോർട്ടും പോലീസിന്റെ കണ്ടെത്തലും പരിശോധിക്കുമെന്നും മനുഷ്യവകാശ കമ്മീഷൻ വ്യക്തമാക്കി. നടപടിക്രമങ്ങൾ വൈകുന്നതിനാലാണ് നീതി വൈകുന്നതെന്നും കെ. ബൈജുനാഥ് ചൂണ്ടിക്കാട്ടി.