നെഹ്റു മ്യൂസിയം പേരിൽ പോര്; മോദിയുടെ അൽപ്പത്തമെന്ന് കോൺഗ്രസ്
Wednesday, August 16, 2023 6:30 PM IST
ന്യൂഡൽഹി: നെഹ്റു മെമ്മോറിയൽ മ്യൂസിയത്തിന്റെ പേര് മാറ്റിയ കേന്ദ്ര സർക്കാർ നടപടിയെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ്. നെഹ്റുവിന്റെ പൈതൃകത്തെ നിഷേധിക്കുക, വളച്ചൊടിക്കുക, അപകീർത്തിപ്പെടുത്തുക, നശിപ്പിക്കുക എന്ന ഒറ്റ അജണ്ടയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുള്ളതെന്ന് കോൺഗ്രസ് ആരോപിച്ചു.
നിരന്തരമായി ആക്രമണം നടത്തിയാലും ജവഹർലാൽ നെഹ്റുവിന്റെ പൈതൃകം നിലനിൽക്കുമെന്നും വരും തലമുറകൾക്ക് പ്രചോദനമായി തുടരുമെന്നും കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയ്റാം രമേശ് പറഞ്ഞു.
മോദിയ്ക്ക് ഭയവും അരക്ഷിതബോധവും ഏറെയാണ്, പ്രത്യേകിച്ച് ഏറ്റവും കൂടുതല്‍ കാലം ഇന്ത്യ ഭരിച്ച പ്രഥമ പ്രധാനമന്ത്രിയുടെ കാര്യത്തില്‍. നെഹ്റുവിനെയും അദ്ദേഹത്തിന്റെ പൈതൃകത്തെയും നിരാകരിക്കുക, അപകീര്‍ത്തിപ്പെടുത്തുക, വളച്ചൊടിക്കുക, തകര്‍ക്കുക എന്ന അജണ്ട മാത്രമാണ് പ്രധാനമന്ത്രിയ്ക്കുള്ളത്. മോദിയുടെ അല്‍പ്പത്തരത്തിന്റെയും അസഹിഷ്ണുതയുടെയും പ്രതീകമാണത്.
ഇന്ത്യന്‍ സ്വാതന്ത്ര്യസമര പോരാട്ടത്തിലും രാജ്യത്തിന്റെ ജനാധിപത്യ, മതേതര, ശാസ്ത്രീയ അടിത്തറ കെട്ടിപ്പൊക്കുന്നതിലും നെഹ്റു നല്കിയ സംഭാവനകളെ ഇല്ലാതാക്കാന്‍ മോദിയ്ക്കാകില്ല. നിരന്തരമായി ആക്രമണത്തിനിടയിലും നെഹ്റുവിന്റെ പൈതൃകം നിലനിൽക്കുമെന്നും വരും തലമുറകൾക്ക് പ്രചോദനമായി തുടരുമെന്നും കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പറഞ്ഞു.