വെള്ളച്ചാട്ടം കാണാനെത്തിയ സ്ത്രീകളെ കടന്നുപിടിച്ചു; പോലീസുകാർ കസ്റ്റഡിയിൽ
Tuesday, August 15, 2023 11:06 PM IST
പിറവം: വെള്ളച്ചാട്ടം കാണാനെത്തിയ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയ പോലീസുകാർ കസ്റ്റഡിയിൽ. മൂവാറ്റുപുഴ സ്റ്റേഷനിലെ സിപിഒമാരായ ബൈജു, പരീത് എന്നിവരെയാണ് രാമമംഗലം പോലീസ് കസ്റ്റഡിയിലെടുത്തത്.
പിറവം അരീക്കൽ വെള്ളച്ചാട്ടം കാണാനെത്തിയ സ്ത്രീകളോടാണ് പോലീസുകാർ അപമര്യാദയായി പെരുമാറിയത്. ചൊവ്വാഴ്ച വൈകുന്നേരമായിരുന്നു സംഭവം. പ്രതികളായ പോലീസുകാർ മദ്യപിച്ചിരുന്നതായി നാട്ടുകാർ പറയുന്നു.
പോലീസുകാരെ നാട്ടുകാർ തടഞ്ഞുവയ്ക്കുകയും മർദിക്കുകയും ചെയ്തു. സംഭവം പോലീസ് സ്റ്റേഷനിൽ അറിയിച്ചെങ്കിലും ഒതുക്കിതീർക്കാനാണ് പോലീസ് ആദ്യം ശ്രമിച്ചതെന്ന് പറയുന്നു. സ്ത്രീകൾ പരാതിയിൽ ഉറച്ചുനിന്നതോടെയാണ് പോലീസ് കേസെടുത്തത്. പ്രതികൾ മറ്റ് സ്ത്രീകളോടും മോശമായി പെരുമാറിയതായി നാട്ടുകാർ ആരോപിക്കുന്നു.