ഷംസീർ ഗണപതിയെ അപമാനിച്ചു, ബിജെപി ഇവിടെയും സർക്കാരുണ്ടാക്കും: അനിൽ ആന്റണി
Tuesday, August 15, 2023 6:40 PM IST
കോട്ടയം: സ്പീക്കർ എ.എൻ. ഷംസീർ ഹിന്ദുമതത്തിലെ ആരാധ്യനായ ഭഗവാൻ ഗണപതിയെ അപമാനിച്ചെന്ന് ബിജെപി നേതാവ് അനിൽ കെ. ആന്റണി.
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് പ്രചരണത്തിനായി കോട്ടയത്ത് എത്തിയ വേളയിലാണ് അനിൽ ഈ പ്രസ്താവന നടത്തിയത്.
ഷംസീർ ലോകത്തെ കോടിക്കണക്കിന് ഹിന്ദുമത വിശ്വാസികളുടെ ആരാധ്യനായ ഭഗവാൻ ഗണേഷ് ജിയെ അവഹേളിച്ചു. അതിനെക്കുറിച്ച് സിപിഎം സംസ്ഥാന സെക്രട്ടറിയോട് ചോദിച്ചപ്പോൾ, അത്തരമൊരു പ്രസ്താവനയെ അപലപിക്കുന്നതിന് പകരം പിന്തുണയ്ക്കുകയാണ് അദ്ദേഹം ചെയ്തത്.
ആരെയും പ്രീണിപ്പിക്കാൻ മറ്റുള്ളവരുടെ വികാരം വ്രണപ്പെടുത്തുന്ന രാഷ്ട്രീയം ബിജെപിക്കില്ല. ബിജെപി ആരുടെയും വികാരം വ്രണപ്പെടുത്താറില്ല.
കേരളത്തിലും നരേന്ദ്ര മോദിയുടെ വീക്ഷണങ്ങൾ പ്രാവർത്തികമാക്കാനാകും. യുഡിഎഫും എൽഡിഎഫും നിരവധി വർഷങ്ങളായി ന്യൂനപക്ഷങ്ങൾ ഉൾപ്പെടെയുള്ളവരെ തെറ്റിധരിപ്പിച്ചു. എന്നാലിന്ന് എന്താണ് ബിജെപിയെന്ന് തിരിച്ചറിഞ്ഞ് എല്ലാവിഭാഗങ്ങളും ബിജെപിയോട് അടുക്കുന്നുണ്ട്. ഇവിടെയും ബിജെപി വലിയ പാർട്ടിയായി മാറി സർക്കാരുണ്ടാക്കുമെന്നും അനിൽ അവകാശപ്പെട്ടു.