ചരിത്രമായി സ്പെയിൻ; സ്വീഡന് വീണ്ടും പെയിൻ
Tuesday, August 15, 2023 5:40 PM IST
ഓക്ലന്‍ഡ്: അവസാന വിസിൽ മുഴക്കംവരെ ആവേശം കൊടുമ്പിരിക്കൊണ്ട മത്സരത്തിൽ സ്വീഡനെ വീഴ്ത്തി ചരിത്രം കുറിച്ച് സ്പെയിൻ. വനിത ഫുട്ബോൾ ലോകകപ്പിൽ സ്വീഡനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തി സ്പെയിൻ ഫൈനലിൽ കടന്നു. ചരിത്രത്തിലാദ്യമായാണ് സ്പെയിൻ വനിത ഫുട്ബോൾ ലോകകപ്പ് ഫൈനലിൽ കടക്കുന്നത്.
അവസാന 10 മിനിറ്റിലായിരുന്നു മത്സരത്തിലെ മൂന്നു ഗോളുകളും പിറന്നത്. ഗോൾരഹിത സമനിലയിലേക്ക് 10 മിനിറ്റ് ദൂരം മാത്രം ബാക്കിനിൽക്കെ സ്പെയിൻ നടത്തിയ മാറ്റങ്ങളായിരുന്നു സ്വിഡന് പെയിൻ ഉണ്ടാക്കിയത്. പകരക്കാരിയായി കളത്തിലെത്തിയ സൽമ പാരല്ല്യൂലോ സ്വീഡന്റെ പ്രതിരോധക്കോട്ട പൊട്ടിച്ചു. സ്പെയിൻ കാത്തിരുന്ന ലീഡ്.
എന്നാൽ കളി തീരാൻ 93 സെക്കൻഡ് ബാക്കി നിൽക്കെ റെബേക്ക ബ്ലോംക്വിസ്റ്റിലൂടെ സ്വീഡൻ സമനില വീണ്ടെടുത്തു. കളി അധിക സമയത്തേക്കെന്ന് ഉറപ്പിച്ച നിമിഷം. എന്നാൽ അഞ്ച് തവണ അവസാന നാലിൽ എത്തിയിട്ടും കപ്പ് മാത്രം കിട്ടാക്കനിയെന്ന സ്വീഡന്റെ ദുർവിധിക്ക് മാറ്റമുണ്ടായില്ല.
സ്പെയിൻ വീണ്ടും ഞെട്ടിച്ചു. ടൂര്‍ണമെന്റില്‍ കൂടുതല്‍ ഗോള്‍ അവസരങ്ങള്‍ ഒരുക്കിയ തെരേസ ഏബെല്ലേറിയയുടെ ക്രോസ് ഫൈനലിലേക്കുള്ള വഴിവെട്ടി. 89 ആം മിനിറ്റിൽ ക്യാപ്റ്റൻ ഓൾഗ കാർമോണയുടെ ഗോളിൽ സ്പെയിന് ചരിത്ര ജയം. സെമിയിലും ഫൈനലിലുമായി അഞ്ച് തവണ തോല്‍വി ഏറ്റുവാങ്ങിയ ഏക ടീമെന്ന നാ ണക്കേടുമായാണ് സ്വീഡൻ മടങ്ങുന്നത്.