പുതുപ്പള്ളിയിൽ രാഷ്ട്രീയവും വികസനവും ചര്‍ച്ചയാക്കി മുന്നണികൾ
ജിബിന്‍ കുര്യന്
Monday, August 14, 2023 7:49 PM IST
പുതുപ്പളളി: രാഷ്ട്രീയം ചര്‍ച്ചയാക്കാമെന്ന് യുഡിഎഫ് സ്ഥാനാര്‍ഥി ചാണ്ടി ഉമ്മനും പുതുപ്പളളിയുടെ വികസനം ചര്‍ച്ചയാക്കാമെന്ന് ഇടത് സ്ഥാനാര്‍ഥി ജെയ്ക് സി. തോമസും പറഞ്ഞതോടെ പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് കടുത്ത രാഷ്ട്രീയ പോരാട്ടത്തിലേക്ക് കടന്നു.
ഉമ്മന്‍ ചാണ്ടിയുടെ മരണം സൃഷ്ടിച്ച സഹതാപവും അദ്ദേഹത്തിന്റെ ഓര്‍മകളുമായി തെരഞ്ഞെടുപ്പ് പ്രചരണത്തിന് തുടക്കംകുറിച്ച യുഡിഎഫാകട്ടെ എല്‍ഡിഎഫ് വികസന രാഷ്ട്രീയം പറഞ്ഞതോടെയാണ് രാഷ്ട്രീയ പോരാട്ടത്തിലേക്കു തിരിഞ്ഞത്.
ഇടതും വലതും രാഷ്ട്രീയം പറഞ്ഞ് തുടങ്ങുകയും ബിജെപി സ്ഥാനാര്‍ഥി കൂടി രംഗത്തെത്തുകയും ചെയ്തതോടെ പുതുപ്പളളി പോരാട്ടത്തിന് വീറും വാശിയുമേറും. ഇനിയുള്ള ദിവസങ്ങളില്‍ പുതുപ്പള്ളിയില്‍ രാഷ്ട്രീമായ ആരോപണങ്ങളും പ്രത്യാരോപണങ്ങളും ഉന്നയിച്ച് മുന്നണികള്‍ തങ്ങളുടെ പ്രചരണത്തിന് മൂര്‍ച്ച കൂട്ടും.
പ്രചരണത്തിന്റെ തുടക്കത്തില്‍ ഉമ്മന്‍ ചാണ്ടിയുടെ ചികിത്സ സംബന്ധിച്ച ആരോപണം ഉന്നയിച്ച് രംഗത്തുവന്ന എല്‍ഡിഎഫ് ഇപ്പോൾ വികസനം മാത്രം ചര്‍ച്ചയാക്കിയിരിക്കുകയാണ്. ഉമ്മന്‍ചാണ്ടിയുടെ ചികിത്സ സംബന്ധിച്ച് കുടംബാംഗത്തിന്റെ ആരോപണവും സര്‍ക്കാര്‍ ഇടപെട്ട വിഷയവും ഉന്നയിച്ച് സിപിഎം സംസ്ഥാന കമ്മറ്റിയംഗം കെ. അനില്‍കുമാറാണ് രംഗത്ത് വന്നത്.
തരംതാഴ്ന്ന ആരോപണമെന്നാണ് യുഡിഎഫ് ഇതിനെ വിശേഷിപ്പിച്ചത്. ഉമ്മന്‍ ചാണ്ടിയുടെ കുടുംബത്തെ ആക്ഷേപിച്ചതിനെതിരേ സ്ഥാനാര്‍ഥി ചാണ്ടി ഉമ്മനൊപ്പം കോണ്‍ഗ്രസും യുഡിഎഫും ഒന്നാകെ രംഗത്തു വന്നതോടെ സിപിഎം സംസ്ഥാന സെക്രട്ടറി എം. വി. ഗോവിന്ദന് കുടുംബത്തിനെതിരേ ആരോപണം ഉന്നയിക്കുന്നത് സിപിഎം നയമല്ലെന്ന് പ്രഖ്യാപിച്ച് ചികിത്സാവിവാദം അവസാനിപ്പിക്കുകയിയരുന്നു. വികസനമാണ് ചര്‍ച്ചയെന്നു പറഞ്ഞ സിപിഎം സംസ്ഥാന സെക്രട്ടറി രാഷ്ട്രീയ മത്സരത്തിലേക്കും സംവാദത്തിലേക്കും വഴി തിരിച്ചുവിട്ടു.
ഞായറാഴ്ച ചേര്‍ന്ന സിപിഎം സംസ്ഥാന സമിതി യോഗത്തില്‍ സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങളും രാഷ്ട്രീയവും മാത്രം തെരഞ്ഞെടുപ്പ് ചര്‍ച്ചയാക്കിയാല്‍ മതിയെന്ന് നിര്‍ദേശമുയര്‍ന്നിട്ടുണ്ട്. ഈ നിര്‍ദേശം കോട്ടയം ജില്ലാ കമ്മിറ്റിക്ക് നല്കി കഴിഞ്ഞു.
ഇതിനിടെ, ജെയ്ക് വിവിധ സമുദായ നേതാക്കളെ സന്ദർശിച്ചു. സമുദായനേതാക്കളെ കണ്ട് അനുഗ്രഹം വാങ്ങുന്ന എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുടെ പാര്‍ട്ടി തെരഞ്ഞെടുപ്പിനു ശേഷം സമുദായത്തിനെതിരേ തിരിയുന്ന സ്ഥിതിയാണെന്നാണ് യുഡിഎഫ് ഇതിനെ പരിഹസിച്ചത്. യുഡിഎഫ് സ്ഥാനാര്‍ഥിയും സമുദായ നേതാക്കളെ കാണുന്നുണ്ട്.
സ്ഥാനാര്‍ഥിപ്രഖ്യാപനത്തിന് ശേഷം നടത്തിയ റോഡ് ഷോയിലെ ജനപങ്കാളിത്തം ഇടതു ക്യാമ്പുകളില്‍ വലിയ ആവേശമാണുണ്ടാക്കിയിരിക്കുന്നത്. യുഡിഎഫ് ആകട്ടെ ഉമ്മന്‍ ചാണ്ടിയുടെ പ്രാര്‍ഥനാ ചടങ്ങുകള്‍ തീരാത്തതിനാല്‍ വലിയ ആഘോഷപൂര്‍വമായ പ്രചാരണത്തിലേക്കു കടന്നിട്ടില്ല.
ലിജിൻ ലാലിനെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചതോടെ ബിജെപിയും പ്രചരണരംഗത്തേക്ക് കടന്നു. സംസ്ഥാന സര്‍ക്കാരിനെതിരേ ശക്തമായ ആരോപണങ്ങളുമായി രംഗത്തെത്തിയ ബിജെപി കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെയും ആരോപണങ്ങള്‍ ഉന്നയിച്ചാണ് പ്രചാരണം. വോട്ട് ചോര്‍ച്ചയുണ്ടാകാതെ പരമാവധി വോട്ടുകള്‍ പെട്ടിയിലാക്കാനുള്ള തന്ത്രമാണ് ബിജെപി നേതൃത്വം അണിയറയിലൊരുക്കിയിരിക്കുന്നത്.