ചാണ്ടി ഉമ്മന്റെ കാറിന്റെ വീൽനട്ട് ഊരിമാറി; അട്ടിമറിയെന്ന് കോൺഗ്രസ്
Monday, August 14, 2023 12:29 AM IST
കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിലെ യുഡിഎഫ് സ്ഥാനാർഥി ചാണ്ടി ഉമ്മൻ സഞ്ചരിച്ചിരുന്ന കാറിന്റെ വീൽനട്ട് ഊരിമാറി. സംഭവത്തിൽ ദുരൂഹതയുണ്ടെന്നും അട്ടിമറിശ്രമമാണെന്നും കോൺഗ്രസ് ആരോപിച്ചു.
ഞായറാഴ്ച വൈകിട്ട് കോട്ടയം സിഎംഎസ് കോളജിൽ എൽഡിഎഫ് സ്ഥാനാർഥി ജെയ്ക് സി. തോമസിനൊപ്പമുള്ള പൊതുപരിപാടിയിൽ പങ്കെടുത്ത ശേഷം ചാണ്ടി മടങ്ങാൻ തുടങ്ങിയപ്പോഴാണ് സംഭവം.
കാറിൽ നിന്നുള്ള അസ്വാഭാവിക ശബ്ദം ശ്രദ്ധിച്ച തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎയുടെ ഡ്രൈവറാണ് ചാണ്ടിയുടെ കാറിൽ സഞ്ചരിച്ചിരുന്നവരെ വിവരമറിയിച്ചത്. വാഹനത്തിലുള്ളവർ പുറത്തിറങ്ങി വീൽനട്ടുകൾ മുറുക്കിയാണ് യാത്ര തുടർന്നത്.
ചാണ്ടി ഉമ്മൻ സ്ഥിരം സഞ്ചരിച്ചിരുന്ന കാറിലായിരുന്നില്ല സിഎംഎസ് കോളജിലെ പരിപാടിയിൽ പങ്കെടുക്കാനായി എത്തിയത്.
സംഭവത്തിൽ പോലീസ് സ്വമേധയാ കേസെടുക്കണമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ ആവശ്യപ്പെട്ടു. വലിയ അപകടസാധ്യതയുണ്ടായിരുന്നുവെന്നും സത്യം പുറത്തുവരണമെന്നും തിരുവഞ്ചൂർ പറഞ്ഞു. വലിയ അപകടത്തിൽ നിന്നാണ് ചാണ്ടി ഉമ്മൻ രക്ഷപ്പെട്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.