അങ്കമാലിയില്‍ മരുന്ന് മാറി കുത്തിവച്ച സംഭവം; നഴ്സിനെ ജോലിയില്‍നിന്ന് ഒഴിവാക്കും
Sunday, August 13, 2023 12:15 PM IST
കൊച്ചി: അങ്കമാലി താലൂക്ക് ആശുപത്രിയിൽ രക്തപരിശോധനയ്ക്ക് എത്തിയ കുട്ടിക്ക് പേവിഷബാധയ്ക്കുള്ള മരുന്ന് കുത്തിവച്ച നഴ്സിനെതിരേ നടപടി. താത്ക്കാലിക ജീവനക്കാരിയായ നഴ്സിനെ ജോലിയില്‍നിന്ന് ഒഴിവാക്കാന്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്കി.
സംഭവത്തില്‍ നഴ്സിന് വീഴ്ച പറ്റിയതായി അങ്കമാലി താലൂക്ക് ആശുപത്രി സൂപ്രണ്ട് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ചീട്ടുപോലും പരിശോധിക്കാതെയാണ് കുട്ടിക്ക് ഇന്ജക്ഷന് നല്‍കിയതെന്നാണ് കണ്ടെത്തല്‍.
കൂടെ ആരുമില്ലാത്തപ്പോള്‍ കുട്ടിക്ക് ഇന്ജക്ഷന് നല്കിയതും വീഴ്ച്ചയാണെന്ന് അങ്കമാലി താലൂക്ക് ആശുപത്രി സൂപ്രണ്ട് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് നല്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
അതേസമയം നഴ്സിനെതിരെ പരാതിയില്ലെന്ന് കുട്ടിയുടെ അമ്മ പറഞ്ഞു. നഴ്സിന്റെ ഭാഗത്ത് നിന്ന് വീഴ്ച ഉണ്ടായി എന്നത് സത്യമാണ്. പക്ഷേ അതിനെതിരെ നടപടി എടുക്കുന്നതിന് താല്പര്യം ഇല്ല. വീഴ്ച ആവര്‍ത്തിക്കരുതെന്നും കുട്ടിയുടെ അമ്മ ആവശ്യപ്പെട്ടു.