"ചീട്ട് പോലും പരിശോധിക്കാതെ കുത്തിവച്ചു'; നഴ്സിന് സംഭവിച്ചത് ഗുരുതര വീഴ്ച
സ്വന്തം ലേഖകൻ
Sunday, August 13, 2023 11:54 AM IST
കൊച്ചി: അങ്കമാലി താലൂക്ക് ആശുപത്രിയിൽ പനി ബാധിച്ച കുട്ടിക്ക് പേവിഷബാധക്കുള്ള കുത്തിവയ്പ് നല്കിയ സംഭവത്തില്‍ നഴ്സിന് വീഴ്ചയെന്ന് ആരോഗ്യ വകുപ്പിന്റെ റിപ്പോര്‍ട്ട്. ചീട്ടുപോലും പരിശോധിക്കാതെയാണ് കുട്ടിക്ക് ഇൻജക്ഷൻ നൽകിയതെന്നാണ് കണ്ടെത്തൽ.
കൂടെ ആരുമില്ലാത്തപ്പോള്‍ കുട്ടിക്ക് ഇൻജക്ഷൻ നല്കിയതും വീഴ്ച്ചയാണെന്നും അങ്കമാലി താലൂക്ക് ആശുപത്രി സൂപ്രണ്ട് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് റിപ്പോര്‍ട്ട് നല്കി.
എന്നാല്‍ നഴ്സിനെതിരെ പരാതിയില്ലെന്ന് കുട്ടിയുടെ അമ്മ പറഞ്ഞു. നഴ്സിന്റെ ഭാഗത്ത് നിന്ന് വീഴ്ച ഉണ്ടായി എന്നത് സത്യമാണ്. പക്ഷേ അതിനെതിരെ നടപടി എടുക്കുന്നതിന് താല്പര്യം ഇല്ല. വീഴ്ച ആവർത്തിക്കരുതെന്നും കുട്ടിയുടെ അമ്മ ആവശ്യപ്പെട്ടു.
കഴിഞ്ഞ ദിവസമാണ് പനി ബാധിച്ച് രക്തം പരിശോധിക്കാനെത്തിയ ഏഴു വയസുകാരിക്കാണ് പേവിഷബാധയ്ക്കുള്ള കുത്തിവയ്പ് നൽകിയത്. കുട്ടിയുടെ അമ്മ സമീപത്തില്ലാതിരുന്ന സമയത്ത് ലാബിൽ ഇരുന്ന കുട്ടിയോട് പൂച്ച മാന്തിയതാണോയെന്നു ചോദിച്ച നഴ്സ് കുട്ടി അതേയെന്നു പറഞ്ഞതോടെ കൈയിൽ പേവിഷബാധയ്ക്കുള്ള കുത്തിവയ്പ് എടുത്തുവെന്നാണ് ആരോപണം.
പനിയെത്തുടർന്ന് കഴിഞ്ഞ ഒൻപതിന് കുട്ടി ഡോക്ടറെ കണ്ട് ചികിത്സ തേടിയിരുന്നു. മരുന്നു കഴിച്ചിട്ടും പനി കുറയാതെ വന്നതോടെയാണ് കുട്ടിയെ വീണ്ടും ഇന്നലെ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലെത്തിച്ചത്. തുടർന്ന് ഡോക്ടർ രക്തപരിശോധനയ്ക്കു നിർദേശിക്കുകയായിരുന്നു.
കുട്ടിയെ ലാബിൽ ഇരുത്തി അമ്മ ആശുപത്രിയിലെ ഫോം പൂരിപ്പിച്ചു നല്കാൻ പോയ സമയത്താണു നഴ്സ് കുട്ടിയുടെ അരികിലെത്തി പൂച്ച മാന്തിയതാണോയെന്നു തിരക്കിയത്. കുട്ടി അതേ എന്ന് പറയുകയും ചെയ്തു. എന്നാൽ കുട്ടിയുടെ അമ്മയോട് ഒന്നും അന്വേഷിക്കാതെ ഉടൻ പേവിഷബാധയ്ക്ക് കുത്തിവയ്പെടുത്തുവെന്നാണ് പറയപ്പെടുന്നത്.