വൻ തുക പിഴ ചുമത്തി; പോലീസ് സ്റ്റേഷന് മുന്നില്‍ ട്രക്ക് ഡ്രൈവർ ജീവനൊടുക്കാൻ ശ്രമിച്ചു
Saturday, August 12, 2023 11:47 PM IST
കണ്ണൂർ: വാഹന പരിശോധനയ്ക്കിടെ വൻ തുക പിഴ ചുമത്തിയതിൽ പ്രതിഷേധിച്ച് ട്രക്ക് ഡ്രൈവർ പോലീസ് സ്റ്റേഷന് മുന്നില്‍ ശരീരത്തില്‍ പെട്രോള്‍ ഒഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ചു.
പെരിങ്ങോം പൊലീസ് സ്റ്റേഷന് മുന്നില്‍ ഇന്ന് വൈകുന്നേരമായിരുന്നു സംഭവം. അരവഞ്ചാല്‍ മുതലപ്പെട്ടി സ്വദേശിയായ ട്രക്ക് ഡ്രൈവറാണ് ജീവനൊടുക്കാൻ ശ്രമിച്ചത്. കഴിഞ്ഞ ദിവസം ഇയാൾക്കെതിരെ 25,000 രൂപ പിഴ ചുമത്തി ട്രക്ക് പോലീസ് പിടിച്ചെടുത്തിരുന്നു.
ശരീരത്തിൽ തീകൊളുത്താൻ ശ്രമിച്ച ഡ്രൈവറെ പോലീസ് ഉദ്യോഗസ്ഥർ ഒടുവില്‍ അനുനയിപ്പിക്കുകയായിരുന്നു. ഇയാളെ പിന്നീട് സ്റ്റേഷന് പിന്നിലേക്ക് എത്തിച്ച് ശരീരത്തിലുള്ള പെട്രോള്‍, വെള്ളം ഒഴിച്ച് കഴുകി മാറ്റി. തുടർന്ന് വാഹനം തിരികെ നല്കി വിട്ടയച്ചു.