പുലി പതുങ്ങുന്നത് കുതിക്കാൻ...; പിന്നിൽ നിന്ന് തിരിച്ചെത്തി കപ്പടിച്ച് ഇന്ത്യ
Saturday, August 12, 2023 10:39 PM IST
ചെന്നൈ: രണ്ട് ഗോളിന് പിറകിൽ പോയ ശേഷം വാശിയേറിയ പോരാട്ടത്തിലൂടെ തിരിച്ചടിച്ച ഇന്ത്യ ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി ഹോക്കി ജേതാക്കൾ. 4-3 എന്ന സ്കോറിന് മലേഷ്യയെ വീഴ്ത്തിയാണ് ഇന്ത്യ ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി കിരീടം നാലാംവട്ടവും സ്വന്തമാക്കിയത്.
ആദ്യ പകുതി അവസാനിക്കുന്നത് വരെ 3-1 എന്ന നിലയിൽ മുന്നിട്ട് നിന്ന് മലേഷ്യയ്ക്കെതിരെ മൂന്ന് ഗോളുകൾ തിരിച്ചടിച്ചാണ് നീലപ്പട ട്രോഫി കരസ്ഥമാക്കിയത്. ഒരു മത്സരം പോലും തോൽക്കാതെയാണ് ഇന്ത്യ ടൂർണമെന്റ് അവസാനിപ്പിച്ചത്.
ഒമ്പതാം മിനിറ്റിൽ ജുഗ്രാജ് സിംഗ് നേടിയ ഗോളിലൂടെ ഇന്ത്യയാണ് ഫൈനൽ പോരാട്ടത്തിന്റെ ആവേശത്തിന് തിരികൊളുത്തിയത്. എന്നാൽ, അബു കമാൽ അസ്രായ്(11'), റാസി റഹീം(18'), അമീനുദീൻ മുഹമ്മദ്(28') എന്നിവർ അതിഥികളെ മുന്നിലെത്തിച്ചു.
ഇടവേളയ്ക്ക് ശേഷം വർധിതവീര്യത്തോടെയും കൂടുതൽ ശ്രദ്ധയോടെയും കളിക്കളത്തിലെത്തിയ ഇന്ത്യ 45-ാം മിനിറ്റിലെ ഇരട്ട ഗോളുകളിലൂടെ സ്കോർ തുല്യമാക്കി. പെനൽറ്റി സ്ട്രോക്കിലൂടെ നായകൻ ഹർമൻപ്രീത് സിംഗ് ഗോൾ നേടി സെക്കന്‍ഡുകൾക്കുള്ളിൽ ഗുർജന്ത് സിംഗ് മലേഷ്യൻ വല കുലുക്കുകയായിരുന്നു.
മത്സരം അവസാനിക്കാൻ നാല് മിനിറ്റ് മാത്രം ബാക്കിനിൽക്കെ ആകാശ്ദീപ് സിംഗ് ഇന്ത്യയുടെ വിജയമുറപ്പിച്ച ഗോൾ കണ്ടെത്തി.