ബിഎസ്എഫ് ട്രക്ക് മറിഞ്ഞ് ജവാൻ മരിച്ചു; 16 പേർക്ക് പരിക്ക്
Saturday, August 12, 2023 6:17 PM IST
ജയ്പുർ: രാജസ്ഥാനിലെ ജയ്സാൽമറിൽ സൈനിക ട്രക്ക് നിയന്ത്രണം വിട്ടുമറിഞ്ഞ് ഒരു ബിഎസ്എഫ് ജവാൻ മരിച്ചു. 16 ജവാന്മാർക്ക് പരിക്കേറ്റു.
അവധിക്ക് ശേഷം ഡ്യൂട്ടിക്ക് ചേരാനായി എത്തിയ എസ്.കെ. ദുബെ എന്ന ജവാനാണ് മരിച്ചത്. ദുബെയുടെ കുടുംബത്തെ വിവരമറിയിച്ചതായി പോലീസ് വ്യക്തമാക്കി.
ഇന്ന് വൈകിട്ട് ഷാഗർ മേഖലയിലെ ലാംഗ്താല ഗ്രാമത്തിലാണ് അപകടം നടന്നത്. ഡ്രൈവർക്ക് വാഹനത്തിന്മേലുള്ള നിയന്ത്രണം നഷ്ടമായതോടെ ട്രക്ക് തലകീഴായി മറിയുകയായിരുന്നു.
പരിക്കേറ്റവരെ ജയ്സാൽമറിലെ ജവഹർ ആശുപത്രിയിലേക്ക് മാറ്റിയതായും അഞ്ച് ജവാന്മാരുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണെന്നും അധികൃതർ അറിയിച്ചു. സംഭവത്തെപ്പറ്റി ബിഎസ്എഫ് ഔദ്യോഗിക പ്രതികരണമൊന്നും നടത്തിയിട്ടില്ല.