നൂഹ് സംഘർഷം: മുസ്ലിം വിഭാഗത്തെ ബഹിഷ്ക്കരിക്കാനുള്ള ആഹ്വാനം അംഗീകരിക്കാനാകില്ലെന്ന് സുപ്രീം കോടതി
Friday, August 11, 2023 7:41 PM IST
ന്യൂഡൽഹി: ഹരിയാനയിലെ നുഹിൽ അക്രമം പൊട്ടിപ്പുറപ്പെട്ടതിനുശേഷം മുസ്ലിം സമുദായത്തെ ബഹിഷ്കരിക്കാനുള്ള ആഹ്വാനങ്ങൾ അംഗീകരിക്കാനാവില്ലെന്ന് സുപ്രീം കോടതി. നുഹ് വർഗീയ സംഘർഷങ്ങളെത്തുടർന്ന് രജിസ്റ്റർ ചെയ്ത കേസുകൾ അന്വേഷിക്കാൻ ഡിജിപിയുടെ നേതൃത്വത്തിൽ ഒരു കമ്മിറ്റി രൂപീകരിക്കാനും സുപ്രീംകോടതി നിർദ്ദേശിച്ചു.
ജസ്റ്റീസുമാരായ സഞ്ജീവ് ഖന്ന, എസ്.വി. ഭട്ടി എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നടപടി. സമുദായങ്ങൾക്കിടയിൽ കുറച്ച് യോജിപ്പും സൗഹാർദ്ദവും ഉണ്ടാകണം. ഇത് അതിശയോക്തി കലർന്നതാണോ എന്ന് എനിക്കറിയില്ല. എന്തായാലും ഇത് അംഗീകരിക്കാനാവില്ലെന്ന് ജസ്റ്റീസ് ഖന്ന വ്യക്തമാക്കി.
നോമിനേറ്റ് ചെയ്ത ഉദ്യോഗസ്ഥരുടെ ഒരു കമ്മിറ്റി രൂപീകരിക്കാൻ ഡിജിപിയോട് ആവശ്യപ്പെടാമെന്നും ജസ്റ്റീസ് ഖന്ന അറിയിച്ചു. എസ്എച്ച്ഒ തലത്തിലും പോലീസ് തലത്തിലും പോലീസിന് ബോധവൽക്കരണം ആവശ്യമാണെന്നും ജസ്റ്റീസ് ഖന്ന നിരീക്ഷിച്ചു.
ഹിന്ദു മഹാപഞ്ചായത്തിലെ ആഹ്വാനത്തിന് എതിരെയായിരുന്നു ഹർജി. കേസ് ഓഗസ്റ്റ് 18ലേക്ക് മാറ്റിവച്ചു.