ഹവായി ദ്വീപിലെ കാട്ടുതീ; മരണസംഖ്യ 56 ആയി ഉയർന്നു
Friday, August 11, 2023 6:04 AM IST
ഹൊണോലുലു: അമേരിക്കൻ സംസ്ഥാനമായ ഹവായിയിലെ മാവുയി ദ്വീപിൽ പടരുന്ന കാട്ടുതീയിൽ മരിച്ചവരുടെ എണ്ണം 56 ആയി ഉയർന്നു. ഒട്ടേറെപ്പേർക്കു പരിക്കേറ്റിട്ടുണ്ട്.
മേഖലയിൽ നിന്നും ആയിരക്കണക്കിനു പേരെ ഒഴിപ്പിച്ചു മാറ്റി. ഭവനങ്ങളും വാഹനങ്ങളും വ്യാപകമായി കത്തിനശിച്ചു. പ്രമുഖ ടൂറിസ്റ്റ് കേന്ദ്രംകൂടിയായ മാവുയി ദ്വീപിലെ ചരിത്രപ്രാധാന്യമുള്ള ലാഹെയ്ന പട്ടണത്തിൽ വളരെ വലിയ നാശമാണുണ്ടായത്.
മുന്നൂറു വർഷം പഴക്കമുള്ളതടക്കം ഒട്ടേറെ കെട്ടിടങ്ങൾ ചാന്പലായി. പട്ടണത്തിൽനിന്നാണു മൃതദേഹങ്ങളെല്ലാം കണ്ടെത്തിയത്.
ചൊവ്വാഴ്ചയാണു ദ്വീപിൽ കാട്ടുതീ പടരാൻ തുടങ്ങിയത്. ദ്വീപിനോടു ചേർന്ന് ഡോറ ഏന്ന പേരുള്ള ചുഴലിക്കൊടുങ്കാറ്റ് വീശിയതു മൂലം തീ അതിവേഗം പടരുകയായിരുന്നു. ദ്വീപിന്റെ പടിഞ്ഞാറു ഭാഗത്തേക്കു പ്രവേശിക്കാൻ പറ്റാത്ത അവസ്ഥയാണ്.