കണ്ണൂർ വിമാനത്താവളത്തിൽ ഒന്നേകാൽ കിലോ സ്വർണം പിടിച്ചു
Wednesday, August 9, 2023 10:07 PM IST
കണ്ണൂർ: അന്താരാഷ്ട്ര വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച ഒന്നേകാൽ കിലോഗ്രാം അനധികൃത സ്വർണം പിടികൂടി. രണ്ടു യാത്രികരിൽ നിന്നായി ആണ് സ്വർണം പിടികൂടിയത്.
ദുബായ്യിൽനിന്ന് എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെത്തിയ തലശേരി സ്വദേശി ഷംസീർ, ഇതേ വിമാനത്തിലെത്തിയ കാസർഗോഡ് പുത്തൂർ സ്വദേശി അഹമ്മദ് അലി(26) എന്നിവരാണ് പിടിയിലായത്.
അടിവസ്ത്രത്തിനുള്ളിൽ പേസ്റ്റ് രൂപത്തിൽ തേച്ചുപിടിപ്പിച്ച് സ്വർണം കടത്താനാണ് ഷംസീർ ശ്രമിച്ചത്. കസ്റ്റംസ് പരിശോധനയിൽ ഇയാളുടെ പക്കൽനിന്ന് 554.18 ഗ്രാം സ്വർണം പിടികൂടി.
കസ്റ്റംസ് പരിശോധനയ്ക്ക് ശേഷം പാസഞ്ചർ ടെർമിനിലെത്തി വാഹനത്തിൽ കയറാൻ ശ്രമിക്കുന്നതിനിടെയാണ് അഹമ്മദ് അലി പോലീസ് പിടിയിലായത്. ക്യാപ്സ്യൂൾ രൂപത്തിൽ ഒളിപ്പിച്ച നിലയിലാണ് 782.9 ഗ്രാം സ്വർണം കണ്ടെത്തിയത്.