അപകടം തുടർക്കഥ; ഇറ്റാലിയൻ തീരത്ത് അഭയാർഥി ബോട്ട് മുങ്ങി 41 പേർ മരിച്ചു
Wednesday, August 9, 2023 6:45 PM IST
റോം: ഇറ്റാലിയൻ ദ്വീപായ ലാംപെദുസയ്ക്ക് സമീപം അഭയാർഥി കപ്പൽ മറിഞ്ഞ് മൂന്ന് കുട്ടികളുൾപ്പെടെ 41 പേർ മരിച്ചു. നാല് പേരെ സമീപത്തുണ്ടായിരുന്ന ചരക്കുകപ്പലിലെ ജീവനക്കാർ ചേർന്ന് രക്ഷപ്പെടുത്തി. നിരവധി പേർ കടലിൽ മുങ്ങിത്താണതായി സംശയമുണ്ട്.
ഐവറി ഗോസ്റ്റ്, ഗിനിയ എന്നീ ആഫ്രിക്കൻ രാജ്യങ്ങളിൽനിന്ന് യൂറോപ്പിലേക്ക് കുടിയേറാൻ ശ്രമിച്ചവരുടെ ബോട്ടാണ് മെഡിറ്ററനേറിയൻ കടലിൽ മുങ്ങിത്താണത്. മാൾട്ട രജിസ്ട്രേഷനുള്ള റിമോണ എന്ന കപ്പലിലെ ജീവനക്കാരാണ് അപകടത്തിൽപ്പെട്ടവരെ രക്ഷപ്പെടുത്തി ലാംപെദുസയിൽ എത്തിച്ചത്.
ബോട്ടിൽ എത്ര പേരുണ്ടായിരുന്നുവെന്ന് വ്യക്തമല്ലെന്നും തെരച്ചിൽ തുടരുകയാണെന്നും ഇറ്റാലിയൻ കോസ്റ്റ് ഗാർഡ് അറിയിച്ചു.