സ്പീക്കറുടെ ഗണപതി പരാമർശം; സർക്കാരിനോട് വിശദീകരണം തേടി രാഷ്ട്രപതി
Wednesday, August 9, 2023 5:19 PM IST
ന്യൂഡൽഹി: സ്പീക്കർ എ.എൻ.ഷംസീറിന്റെ ഗണപതി പരാമർശത്തിന്റെ രാഷ്ട്രപതി ദ്രൗപതി മുർമു സംസ്ഥാന സർക്കാരിനോട് വിശദീകരണം തേടി.
വിവാദത്തെക്കുറിച്ച് അന്വേഷിച്ചു നടപടി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ രാഷ്ട്രപതിയുടെ ഓഫിസില്‍ നിന്നു ചീഫ് സെക്രട്ടറി ഡോ. വേണുവിന് നിർദ്ദേശം ലഭിച്ചു. സുപ്രീംകോടതി അഭിഭാഷകന് കോശി ജേക്കബ് സമര്‍പ്പിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് രാഷ്ട്രപതിയുടെ ഇടപെടല്‍.
സ്പീക്കറുടെ ഗണപതി മിത്താണെന്ന പരാമർശം വിശ്വാസികളുടെ വികാരത്തെ വ്രണപ്പെടുത്തിയെന്നും സമൂഹത്തിൽ മതസ്പർധ വളർത്തിയെന്നുമായിരുന്നു പരാതിക്കാരന്റെ ആരോപണം.
വിഷയം നേരത്തെ കേരളത്തിൽ വൻ രാഷ്ട്രീയ വിവാദമായി മാറിയിരുന്നു. സ്പീക്കർ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് എൻഎസ്എസ് അടക്കമുള്ള സംഘടനകളും കോൺഗ്രസും ബിജെപിയും രംഗത്തെത്തിയിരുന്നു.
എന്നാൽ പരാമർശത്തിന്റെ പേരിൽ ഷംസീർ മാപ്പ് പറയേണ്ടെന്ന നിലപാടാണ് സിപിഎം സ്വീകരിച്ചത്. വിഷയത്തിൽ പാർട്ടി ഷംസീറിന് പരിപൂർണ പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.