മണ്ണാറശാല അമ്മ ഉമാദേവി അന്തര്‍ജനം അന്തരിച്ചു
Wednesday, August 9, 2023 12:29 PM IST
ആലപ്പുഴ: ഹരിപ്പാട് മണ്ണാറശാല നാഗരാജ ക്ഷേത്രത്തിലെ മുഖ്യപുജാരിണി ഉമാദേവി അന്തര്‍ജനം(96) അന്തരിച്ചു. മണ്ണാറശാല ഇല്ലത്തുവച്ചായിരുന്നു അന്ത്യം. വാർധക്യസഹജമായ വിഷമതകൾ മൂലം വിശ്രമ ജീവിതത്തിലായിരുന്നു.
സത്രീ പൂജാരിണിയായ ലോകത്തിലെ ഏക നാഗക്ഷേത്രമാണ് മണ്ണാറശാല. ക്ഷേത്രത്തിലെ പ്രധാന പൂജകളെല്ലാം മുഖ്യപുജാരിണിയാണ് നടത്തുന്നത്. ഇല്ലത്ത് വിവാഹം കഴിച്ചെത്തുന്ന ഏറ്റവും മുതിര്‍ന്ന അംഗമാണ് മണ്ണാറശാല അമ്മയായി സ്ഥാനമേല്‍ക്കുന്നത്.
കോട്ടയം മാങ്ങാനം ചെമ്പകനല്ലൂര്‍ ഇല്ലത്ത് സുബ്രഹ്മണ്യന് നമ്പൂതിരിയുടെയും രുക്മിണിദേവി അന്തര്‍ജനത്തിന്റെയും മകളായ ഉമാദേവി അന്തര്‍ജനം കൊല്ലവര്‍ഷം 1105 കുംഭത്തിലെ മൂലം നാളിലാണു ജനിച്ചത്.
1949-ല്‍ മണ്ണാറശാല ഇല്ലത്തെ എം.ജി.നാരായണന് നമ്പൂതിരിയുടെ വേളിയായാണ് മണ്ണാറശാല ഉമാദേവി അന്തര്‍ജനം മണ്ണാറശാല കുടുംബാംഗമായത്. തൊട്ടുമുന്‍പുള്ള വലിയമ്മ സാവിത്രി അന്തര്‍ജനം 1993 ഒക്ടോബര്‍ 24ന് സമാധിയായപ്പോഴാണ് ഉമാദേവി അന്തര്‍ജനം അമ്മയായി ചുമതലയേറ്റത്. 1995 മാര്‍ച്ച് 22ന് ആണ് ക്ഷേത്രത്തില്‍ അമ്മ പൂജ തുടങ്ങിയത്.
ഭര്‍ത്താവ് നാരായണന് നമ്പൂതിരിയുടെ വേര്‍പാടോടെ, ഏകമകളായ വല്‍സലാദേവിയുമായി ഇല്ലത്തില്‍ തന്റേതായ ലോകം കണ്ടെത്തിയ ഉമാദേവി അന്തര്‍ജനം ക്രമേണ പഴയ വലിയമ്മ സാവിത്രി അന്തര്‍ജനത്തിന്റെ സഹായിയായി മാറുകയായിരുന്നു.
സാവിത്രി അന്തര്‍ജനം സമാധിയായപ്പോഴാണു പുതിയ അമ്മയായി ഉമാദേവി അന്തര്‍ജനം ചുമതലയേറ്റത്. കൂടുതല്‍ പ്രായമുള്ളവര്‍ ഇല്ലത്ത് ഉണ്ടായിരുന്നുവെങ്കിലും മൂപ്പുമുറ അനുസരിച്ചു വലിയമ്മയാകാനുള്ള നിയോഗം ഉമാദേവി അന്തര്‍ജനത്തിനായിരുന്നു.
സ്ഥാനാരോഹണം കഴിഞ്ഞെങ്കിലും ഒരു വര്‍ഷത്തിലേറെ അമ്മ ക്ഷേത്രത്തില്‍ പൂജ നടത്തിയിരുന്നില്ല. ഈ കാലയളവില്‍ മന്ത്രങ്ങളും പൂജാവിധികളും ഹൃദിസ്ഥമാക്കുകയായിരുന്നു. ഇല്ലത്തെ കാരണവര്‍ സുബ്രഹ്മണ്യന് നമ്പൂതിരിയായിരുന്നു മന്ത്രങ്ങള്‍ അഭ്യസിപ്പിച്ചത്.
1995 മാര്‍ച്ച് 22-നായിരുന്നു ക്ഷേത്രത്തില്‍ അമ്മ പൂജ തുടങ്ങിയത്. ഇതോടെ നൂറ്റാണ്ടുകളിലൂടെ കൈമാറിവന്ന ആചാരവിശ്വാസങ്ങളുടെ പുതിയ സംരക്ഷകയായി ഉമാദേവി അന്തര്‍ജനം മാറുകയായിരുന്നു.