"ഭർത്താവിന്റെ ഇരുണ്ട നിറത്തെ കളിയാക്കുന്നത് ക്രൂരത'; വിവാഹമോചനം അനുവദിച്ച് കോടതി
Tuesday, August 8, 2023 8:33 PM IST
ബംഗളൂരു: ഇരുണ്ട ശരീരത്തിന്റെ പേരിൽ ഭർത്താവിനെ ഭാര്യ കളിയാക്കുന്നത് ക്രൂരതയാണെന്ന് കർണാടക ഹൈക്കോടതി. നിറത്തിന്റെ പേരിൽ തന്നെ അപമാനിച്ച ഭാര്യയിൽ നിന്ന് വിവാഹമോചനം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ബംഗളൂരു സ്വദേശി നൽകിയ ഹർജി പരിഗണിക്കവേയാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്.
44-കാരനായ യുവാവിനെ 41-കാരിയായ ഭാര്യ നിരന്തരം നിറത്തിന്റെ പേരിൽ അപമാനിച്ചെന്ന ആരോപണം ശരിവച്ച് ഹൈക്കോടതി വിവാഹമോചനം അനുവദിക്കുകയായിരുന്നു.
2007-ൽ വിവാഹിതരായ ഇയാൾ 2012-ലാണ് വിവാഹമോചനം ആവശ്യപ്പെട്ട് കുടുംബക്കോടതിയെ സമീപിച്ചത്. എന്നാൽ, ഭർത്താവ് തന്നെയാണ് മാനസികമായി പീഡിപ്പിക്കുന്നതെന്നും ഇയാൾക്ക് വിവാഹേതരബന്ധമുണ്ടെന്നും യുവതി ആരോപിച്ചിരുന്നു. തുടർന്നാണ് യുവാവ് വിവാഹമോചന ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചത്.
കേസിന്റെ വാദത്തിനിടെ, യുവതി ഉയർത്തിയ ആരോപണങ്ങൾ തെറ്റാണെന്ന് ഹൈക്കോടതി കണ്ടെത്തിയിരുന്നു. നിറത്തിന്റെ പേരിൽ ഭർത്താവിനെ ഇവർ നിരന്തരം അപമാനിച്ചെന്നും ഒരുമിച്ച് ജീവിക്കാനുള്ള സാഹചര്യമുണ്ടായിട്ടും യുവതി ഇതിന് ശ്രമിച്ചില്ലെന്നും കണ്ടെത്തിയതായി കോടതി വ്യക്തമാക്കി.