പുതുപ്പള്ളിയിൽ താമര വിരിയിക്കാൻ അനിൽ ആന്റണി എത്തുമോ?
Tuesday, August 8, 2023 7:50 PM IST
കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ. ആന്റണിയുടെ മകൻ അനിൽ ആന്റണിയെ ബിജെപി പോരിനിറക്കുമെന്ന രാഷ്ട്രീയ അഭ്യൂഹം ശക്തം.
ഉമ്മൻ ചാണ്ടിയുടെ അടുത്ത സുഹൃത്തും രാഷ്ട്രീയഗുരുവുമായ എ.കെ. ആന്റണിയുടെ മകനെത്തന്നെ രംഗത്തിറക്കി മത്സരം കടുപ്പിക്കാനാണ് ബിജെപി ശ്രമിക്കുന്നത്. കോട്ടയം മണ്ഡലത്തിലെ ഏറ്റവും ശക്തനായ ബിജെപി നേതാവ് എൻ.ഹരിയെയും ന്യൂനപക്ഷമോർച്ച നേതാവ് ജോർജ് കുര്യനെയും മറികടന്നാണ് അനിലിനെ രംഗത്തിറക്കാൻ ബിജെപി നേതൃത്വം ആലോചിക്കുന്നത്.
മണ്ഡലത്തിലെ ന്യൂനപക്ഷ സാന്നിധ്യം കണക്കിലെടുത്ത്, കോൺഗ്രസിന്റെ ദേശീയ -സംസ്ഥാന തലങ്ങളിലെ ശക്തിക്ഷയം മുതലാക്കാനാണ് ബിജെപി ശ്രമിക്കുന്നത്. യുഡിഎഫ് സ്ഥാനാർഥി ചാണ്ടി ഉമ്മനോട് പൊരുതി അനിൽ മികച്ച പ്രകടനം കാഴ്ചവച്ചാൽ, ദേശീയതലത്തിൽ തന്നെ തങ്ങളുടെ പ്രതിഛായ വർധിപ്പിക്കാമെന്ന് ബിജെപി സംസ്ഥാനഘടകം കരുതുന്നത്.
എന്നാൽ, മണ്ഡലത്തിലെ ശക്തമായ സഹതാപതരംഗവും മണിപ്പുർ വിഷയം മൂലമുള്ള ന്യൂനപക്ഷങ്ങളുടെ അകൽച്ചയും കാരണം അനിൽ വെറും ബലിയാടായി തീരുമെന്ന് കരുതുന്നവരും കുറവല്ല.
ഡിവൈഎഫ്ഐ നേതാവ് ജെയ്ക് സി. തോമസിനെ സിപിഎം രംഗത്തിറക്കുക കൂടി ചെയ്താൽ, ത്രികോണ യുവനിരപ്പോരിനാകും പുതുപ്പള്ളി സാക്ഷ്യം വഹിക്കുക.