ചട്ടം പാലിക്കാത്ത പൊളിക്കല്‍ നടപടി വംശീയ ഉന്മൂലനം; ഹരിയാന സര്‍ക്കാരിനെതിരേ ഹൈക്കോടതി
Tuesday, August 8, 2023 9:55 AM IST
ചണ്ഡിഗഡ്: വര്‍ഗീയ സംഘര്‍ഷം അരങ്ങേറിയ നൂഹിലെ ബുള്‍ഡോസര്‍ പൊളിക്കല്‍ നടപടികളില്‍ സംസ്ഥാന സര്‍ക്കാരിനെതിരേ രൂക്ഷവിമര്‍ശനവുമായി പഞ്ചാബ്-ഹരിയാന ഹൈക്കോടതി.
ക്രമസമാധാന പ്രശ്നത്തിന്റെ മറവില്‍ പ്രത്യേക സമുദായത്തിന്റെ കെട്ടിടങ്ങള്‍ ഇടിച്ച് നിരത്തുന്നത് അംഗീകരിക്കാനാവില്ല. അത് വംശീയ ഉന്മൂലനം അല്ലേ എന്ന് സംശയിക്കേണ്ടി വരുമെന്നും കോടതി പറഞ്ഞു. നൂഹിലെ പൊളിക്കല്‍ നടപടികള്‍ തിങ്കളാഴ്ച കോടതി സ്റ്റേ ചെയ്തിരുന്നു.
ഇത് സംബന്ധിച്ച ഉത്തരവിലാണ് ഹരിയാന സര്‍ക്കാരിനെതിരേ കോടതി വിമര്‍ശനം ഉന്നയിച്ചത്. വിഷയത്തേക്കുറിച്ച് പഠിക്കാന്‍ കോടതി അമിക്കസ് ക്യൂറിയെ നിയോഗിച്ചു.
ജൂലൈ 31ന് നടന്ന ഘോഷയാത്രയ്ക്കിടെ സഹാറ ഹോട്ടലിന്റെ മേല്‍ക്കൂരയില്‍നിന്ന് ചിലര്‍ കല്ലെറിഞ്ഞതിനെത്തുടര്‍ന്നാണ് നൂഹില്‍ അക്രമം ആരംഭിച്ചത്.
സംഘര്‍ഷത്തിന് പിന്നാലെയാണ് അധികൃതര്‍ ബുള്‍ഡോസര്‍ നടപടി ആരംഭിച്ചത്. യുപി മോഡല്‍ ബുള്‍ഡോസര്‍ നടപടിക്ക് ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാര്‍ നിര്‍ദേശം നല്‍കിയതിനു പിന്നാലെ മുസ്ലിംകളെ ലക്ഷ്യമിട്ടാണ് പൊളിക്കല്‍ നടപടികളെന്ന് ആരോപണമുയരുന്നുണ്ട്.
ആവശ്യമെങ്കില്‍ ഇനിയും ബുള്‍ഡോസര്‍ പ്രയോഗിക്കാന്‍ മടിക്കില്ലെന്നും ഹരിയാന ആഭ്യന്തരമന്ത്രി അനില്‍ വിജ് വ്യക്തമാക്കി. സംസ്ഥാനത്തെ വര്‍ഗീയ സംഘര്‍ഷങ്ങളില്‍ ആറ് പേര് കൊല്ലപ്പെടുകയും വന്‍ നാശനഷ്ടങ്ങള്‍ ഉണ്ടാക്കുകയും ചെയ്തിരുന്നു.