കൊല്ലത്ത് യുവതിക്ക് നേരെ ആസിഡ് ആക്രമണം; ഭർത്താവ് പിടിയിൽ
Monday, August 7, 2023 10:27 PM IST
കൊല്ലം: പത്തനാപുരത്ത് യുവതിയുടെ മുഖത്ത് ആസിഡ് ഒഴിച്ച സംഭവത്തിൽ ഭർത്താവ് പിടിയിൽ. എടത്തറ സ്വദേശി സന്തോഷ് ആണ് അറസ്റ്റിലായത്.
മാങ്കോട് സ്വദേശിയായ ഇയാളുടെ ഭാര്യ ശോഭ ഒന്നരവർഷമായി ഇയാളിൽനിന്ന് അകന്നുകഴിയുകയായിരുന്നു. വീടിന് സമീപത്തുള്ള പറമ്പിൽ പുല്ലുവെട്ടുകയായിരുന്ന ശോഭയുടെ നേർക്ക് ഇന്ന് വൈകിട്ടോടെയാണ് സന്തോഷ് ആക്രമണം നടത്തിയത്.
ശോഭയുടെ നിലവിളി കേട്ട് എത്തിയ അയൽവാസി മധുവിനെ ടാപ്പിംഗിന് ഉപയോഗിക്കുന്ന കത്തികൊണ്ട് സന്തോഷ് കുത്തിവീഴ്ത്തുകയും ചെയ്തു.
ഭാര്യയ്ക്ക് പരപുരുഷബന്ധമുണ്ടെന്ന സംശയത്തിലാണ് ഇയാൾ ആക്രമണം നടത്തിയതെന്നും ടാപ്പിംഗ് തൊഴിലാളിയായ ഇയാൾ റബർഷീറ്റിന് ഉറയൊഴിക്കുന്ന ആസിഡ് ഉപയോഗിച്ചാണ് കൃത്യം നിർവഹിച്ചതെന്നും പോലീസ് അറിയിച്ചു. മുഖത്തും കൈയ്ക്കും സാരമായി പൊള്ളലേറ്റ ശോഭയെ പാരിപ്പള്ളി മെഡിക്കൽ കോളജിലേക്ക് മാറ്റി.