കർഷകരുടെ ആശങ്കകൾ അകറ്റാൻ കഴിഞ്ഞതിൽ ചാരിതാർഥ്യം: മന്ത്രി റോഷി അഗസ്റ്റിൻ
Monday, August 7, 2023 10:25 PM IST
തിരുവനന്തപുരം: ഭൂപതിവ് ചട്ടം ഭേദഗതി ചെയ്യുന്നതിനായി 1960 ലെ ഭൂപതിവ് ആക്ട് ഭേദഗതി ബിൽ ഈ നിയമസഭാ സമ്മേളനത്തിൽ തന്നെ കൊണ്ടുവരാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചതിൽ സന്തോഷമുണ്ടെന്നു മന്ത്രി റോഷി അഗസ്റ്റിൻ. കർഷകരുടെ ആശങ്കകൾ ശാശ്വതമായി അകറ്റാൻ സാധിച്ചതിൽ ഏറെ ചാരിതാർത്ഥ്യമുണ്ട്.
ഇടുക്കി ജില്ല രൂപീകരിച്ച നാൾ മുതലുള്ള ഭൂപ്രശ്നത്തിന് പരിഹാരം കാണുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള എൽഡിഎഫ് സർക്കാർ കാണിച്ച ഇച്ഛാശക്തി സമാനതകളില്ലാത്തതാണ്.
ഈ ചരിത്രപരമായ ഇടപെടലിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ ഏറെ അഭിമാനവും സംതൃപ്തിയുമുണ്ടെന്നും മന്ത്രി പ്രസ്താവനയിൽ പറഞ്ഞു.