തിരുവനന്തപുരം: സൗദിഅറേബ്യ സന്ദര്‍ശനത്തിനിടെ മോസ്കുകളിൽ മൈക്കിലൂടെ ബാങ്കുവിളിക്കുന്നത് കേട്ടില്ലെന്ന പരാമര്‍ശം തിരുത്തി മന്ത്രി സജി ചെറിയാൻ. തന്‍റെ പരാമർശം തെറ്റായ വിവരത്തിൽനിന്ന് സംഭവിച്ചതാണ്. ഇത് മനസിലാക്കി എല്ലാവരും തെറ്റിദ്ധാരണ മാറ്റണമെന്നും മന്ത്രി ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

സൗദിയിലേക്ക് യാത്രപോയപ്പോള്‍ ഒരിടത്തും ബാങ്കുവിളി കേട്ടില്ല. ഭയങ്കര തീവ്രവാദികളായ ആളുകളായിരിക്കും ഇവിടെ താമസിക്കുന്നതെന്ന് കരുതിയിരുന്നത്, കാരണം, എക്സ്ട്രീം ആയിട്ടുള്ള വിശ്വാസികളാണ്. പക്ഷെ ഒരിടത്തുനിന്നും വാങ്ക് വിളികേള്‍ക്കാത്തത് തന്നെ അത്ഭുതപ്പെടുത്തിയെന്നാണ് മന്ത്രി പ്രസംഗത്തില്‍ പറഞ്ഞത്.

സജി ചെറിയാന്‍റെ പ്രസംഗത്തിന്‍റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ പരാമര്‍ശത്തെ എതിര്‍ത്ത് നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് വിഷയത്തിലെ തെറ്റിദ്ധാരണ ഒഴിവാക്കണമെന്ന് അഭ്യര്‍ഥിച്ച് മന്ത്രി നേരിട്ടെത്തിയത്.

സജി ചെറിയാന്‍റെ ഫേസ്ബുക്ക് പോസ്റ്റ്

ഇന്നലെ ഞാന്‍ നടത്തിയ പ്രസംഗത്തിലെ ചില ഭാഗങ്ങള്‍ എന്‍റെ ഉദ്ദേശശുദ്ധിയെ മനസിലാക്കാതെയാണ് ചിലര്‍ പ്രചരിപ്പിക്കുന്നത്.

സൗദി അറേബ്യയില്‍ സന്ദര്‍ശനം നടത്തിയ അവസരത്തില്‍ മതാനുഷ്ഠാനങ്ങള്‍, പ്രഭാഷണങ്ങള്‍ എന്നിവ നടത്തുന്നത് സംബന്ധിച്ചും അവിടെ പാലിക്കുന്ന മിതത്വത്തെ സംബന്ധിച്ചും മറ്റ് മതസ്ഥരോടും അന്യനാട്ടുകാരോടും അവര്‍ കാണിക്കുന്ന സ്നേഹവും ബഹുമാനത്തെപ്പറ്റിയും സഹയാത്രികന്‍ പറഞ്ഞതാണ് ഞാന്‍ പരാമര്‍ശിച്ചത്.

മതസൗഹാര്‍ദത്തിന്‍റെ മികച്ച മാതൃക എനിക്കവിടെ കാണാനായി. ഗള്‍ഫ് രാജ്യങ്ങളിലേക്ക് തൊഴിലിനായി പോയ മലയാളികള്‍ കേരളത്തിന്‍റെ മുഖച്ഛായ മാറ്റുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചതിനെ സംബന്ധിച്ചും ഞാന്‍ പറഞ്ഞു.

ബാങ്കുവിളി കേട്ടില്ല എന്ന എന്‍റെ പരാമര്‍ശം എനിക്ക് ലഭിച്ച തെറ്റായ വിവരത്തില്‍ നിന്നും സംഭവിച്ചതാണ്. മാന്യ സഹോദരങ്ങള്‍ ഇതു മനസിലാക്കി തെറ്റിദ്ധാരണ മാറ്റണമെന്ന് അഭ്യര്‍ഥിക്കുന്നു.''