ദൗത്യം പൂര്‍ത്തീകരിക്കാൻ പ്രാര്‍ഥനയും സഹകരണവും അഭ്യര്‍ഥിച്ച് ആര്‍ച്ച്ബിഷപ് മാര്‍ സിറിള്‍ വാസില്‍
Monday, August 7, 2023 12:42 PM IST
കൊച്ചി: ഫ്രാന്‍സിസ് മാര്‍പാപ്പ തന്നെ ഏല്‍പ്പിച്ചിരിക്കുന്ന ദൗത്യം വിജയകരമായി പൂര്‍ത്തീകരിക്കാന്‍ പ്രാര്‍ഥനയും സഹകരണവും അഭ്യര്‍ഥിച്ച് പൊന്തിഫിക്കല്‍ ഡെലഗേറ്റ് ആര്‍ച്ച്ബിഷപ് മാര്‍ സിറിള്‍ വാസില്‍. ഇക്കാര്യം സൂചിപ്പിച്ച് മാര്‍ സിറിള്‍ വാസില്‍ എറണാകുളം-അങ്കമാലി അതിരൂപതയിലെ വിശ്വാസികള്‍ക്കെഴുതിയ കത്ത് ഞായറാഴ്ച പള്ളികളില്‍ വായിച്ചു.
സീറോമലബാര്‍സഭയുടെ മെത്രാന് സിനഡ് നിശ്ചയിച്ചതും മാര്‍പാപ്പ അംഗീകരിച്ചതുമായ ഏകീകൃത കുര്‍ബാന അര്‍പ്പണരീതി അതിരൂപതയില്‍ നടപ്പിലാക്കാന്‍ സഹായിക്കുകയാണ് തന്റെ നിയമനത്തിന്റെ ഉദ്ദേശ്യമെന്ന് കത്തില്‍ പറയുന്നു. മാര്‍പാപ്പയുടെ തീരുമാനത്തിന് പൂര്‍ണമായും വിധേയപ്പെട്ടും ദൈവത്തില്‍ ശരണപ്പെട്ടുമാണ് ഈ ഉത്തരവാദിത്വം ഏറ്റെടുത്തിരിക്കുന്നത്.
അതിരൂപതയിലെ അല്മായര്, സമര്‍പ്പിതര്‍, വൈദികവിദ്യാര്‍ഥികള്‍, വൈദികര്‍ എന്നിവരുള്‍ക്കൊള്ളുന്ന അതിരൂപതയിലെ മുഴുവന്‍ വിശ്വാസികളും പ്രാര്‍ഥനയില്‍ ഒന്നുചേരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
തന്റെ നിയോഗത്തിനായി ഈ മാസം ആറിനും 15നുമിടയില്‍ ഒരു മണിക്കൂര്‍ അതത് പള്ളികളില്‍ ആരാധനയ്ക്കായി മാറ്റിവയ്ക്കണമെന്ന് ഇടവക വൈദികരോടും തീര്‍ഥാടനകേന്ദ്രങ്ങളിലെയും മൈനര്‍ സെമിനാരികളിലെയും റെക്ടര്‍മാരോടും അദ്ദേഹം അഭ്യര്‍ഥിച്ചു. ജപമാലയിലും മറ്റു പ്രാര്‍ഥനകളിലും ഈ നിയോഗം ഉള്‍പ്പെടുത്തണം.
കുര്‍ബാന അര്‍പ്പിക്കുന്നതു സംബന്ധിച്ച പ്രശ്നം സമാധാനപരമായും ഉദാരമനസോടെയും പരിഹരിക്കുന്നത്, ദൈവം നമ്മെ വിളിച്ചിരിക്കുന്ന മറ്റു പ്രധാന കാര്യങ്ങളില്‍ ശ്രദ്ധിക്കാന്‍ നമ്മെ പ്രാപ്തരാക്കും. കൂടുതല്‍ ശക്തവും യോജിച്ചതുമായ ക്രിസ്തീയസമൂഹമായി മുന്നോട്ടു പോകാനും നമുക്കു കഴിയുമെന്നും ആര്‍ച്ച്ബിഷപ് കത്തില്‍ പ്രത്യാശ പ്രകടിപ്പിച്ചു.