ചലച്ചിത്ര അക്കാദമി ചെയര്‍മാനെതിരായ പരാതി; നിലപാട് തിരുത്തി മന്ത്രി സജി ചെറിയാന്
Sunday, August 6, 2023 7:07 PM IST
തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നിര്‍ണയ സമിതിയെ സ്വാധീനിക്കാന്‍ ചലച്ചിത്ര അക്കാദമി ചെയര്മാന് രഞ്ജിത് ശ്രമിച്ചെന്ന പരാതിയില്‍ നിലപാട് തിരുത്തി സാംസ്കാരിക മന്ത്രി സജി ചെറിയാന്. വിവാദമുയര്‍ന്നപ്പോള്‍ രഞ്ജിത്തിനനുകൂലമായ നിലപാട് സ്വീകരിച്ച മന്ത്രി പരാതിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ആരാഞ്ഞു.
രഞ്ജിത്തിനെതിരായി വെളിപ്പെടുത്തല്‍ നടത്തിയ ജൂറിയംഗം നേമം പുഷ്പരാജിനെ നേരില്‍ വിളിച്ച് മന്ത്രി കാര്യങ്ങള്‍ അന്വേഷിച്ചതായാണ് വിവരം. സംവിധായകന് വിനയനാണ് രഞ്ജിത്തിനെതിരേ പരാതിയുമായി രംഗത്തെത്തിയത്.
വിനയന് നല്കിയ പരാതിയെകുറിച്ച് അന്വേഷിക്കാന്‍ മുഖ്യമന്ത്രി നേരത്തേ സാംസ്കാരിക വകുപ്പിനു നിര്‍ദേശം നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് മന്ത്രി സജി ചെറിയാന് നേമം പുഷ്പരാജിനെ വിളിച്ച് വിശദാംശങ്ങള്‍ അന്വേഷിച്ചത്.
വിവാദമുയര്‍ന്നപ്പോള്‍ രഞ്ജിത്തിനെ അനുകൂലിച്ച മന്ത്രിയുടെ നിലപാടിനെതിരേ സിപിഎമ്മിലെ ചില നേതാക്കള്‍ രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് മുഖ്യമന്ത്രി പരാതി അന്വേഷിക്കാന്‍ നിര്‍ദേശം നല്‍കിയത്. ഇടതു യുവജന സംഘടനായ എഐവൈഎഫും സംഭവവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കും സാംസ്കാരിക മന്ത്രിക്കും പരാതി നല്‍കിയിട്ടുണ്ട്. ചലച്ചിത്ര അക്കാദമിക്കു പുറത്തുള്ള ആളുകളെ കൊണ്ട് പരാതി അന്വേഷിപ്പിക്കണമെന്നാണ് എഐവൈഎഫിന്റെ ആവശ്യം.