ഓര്‍മക്കുറവിന് എം.വി. ഗോവിന്ദന് ബ്രഹ്മീഘൃതം സേവിക്കണം: കേന്ദ്രമന്ത്രി വി. മുരളീധരന്
Saturday, August 5, 2023 7:36 PM IST
തൃശൂര്‍: ഓര്‍മക്കുറവിന് ഉത്തമമായ ബ്രഹ്മീഘൃതം സേവിക്കുന്നതാണ് എം.വി. ഗോവിന്ദനു നല്ലതെന്നു കേന്ദ്രമന്ത്രി വി. മുരളീധരന്. ഗണപതി മിത്താണെന്നു പറഞ്ഞ ഗോവിന്ദന് പിറ്റേ ദിവസം ഡല്‍ഹിയിലെത്തിയപ്പോള്‍ ഓര്മ നഷ്ടമായി. ഗണപതി മിത്തല്ലെന്നു പറഞ്ഞു.
ഡല്‍ഹിയില്‍ അവസരവാദ നാടകമാണു ഗോവിന്ദന് നടത്തിയത്. ഗണപതിയെ അധിക്ഷേപിച്ച സ്പീക്കര്‍ മാപ്പ് പറയും വരെ പിന്നോട്ടില്ലെന്നും മുരളീധരന് മാധ്യമളങ്ങളോട് പറഞ്ഞു.
ഭരണഘടനാ പദവി വഹിക്കുന്ന ആളാണ് ഷംസീര്‍. സ്പീക്കര്‍ വര്‍ഗീയ ചേരിതിരിവിനു വഴിതെളിയിക്കുന്ന പരാമര്‍ശം നടത്തിയതു ഭരണഘടനാ ലംഘനമാണ്. വോട്ട് ബാങ്ക് ലക്ഷ്യമിട്ടാണു ഭൂരിപക്ഷ സമുദായത്തെ അധിക്ഷേപിക്കുന്നത്.
ഗണപതി നിന്ദയില്‍ കോണ്‍ഗ്രസ് നിലപാട് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നിയമസഭയില്‍ സ്പീക്കറെ ബഹിഷ്ക്കരിക്കാന്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ തയാറുണ്ടോയെന്നും മുരളീധരൻ ചോദിച്ചു.