ഗ്യാൻവാപി സർവേ തുടരാമെന്ന് സുപ്രീം കോടതി
Friday, August 4, 2023 6:11 PM IST
ന്യൂഡൽഹി: വാരാണസി ഗ്യാന്‍വാപി മസ്ജിദില്‍ സര്‍വേ നടത്താൻ പുരാവസ്തു വകുപ്പിന് അലഹബാദ് ഹൈക്കോടതി നൽകിയ വിധി സ്റ്റേ ചെയ്യാതെ സുപ്രീം കോടതി. ഹൈക്കോടി ഉത്തരവിനെതിരേ മസ്ജിദ് കമ്മിറ്റി നല്കിയ അപ്പീല്‍ തള്ളിയാണ് സുപ്രീംകോടതി സർവേയ്ക്ക് അനുകൂലമായ വിധി നൽകിയത്.
മസ്ജിദിന് കേടുപാട് വരുത്താതെ സർവേ നടത്തണമെന്ന ഹൈക്കോടതി നിർദേശം സുപ്രീം കോടതിയും ആവർത്തിച്ചു. ഖനനം നടത്തരുതെന്നും കോടതി അറിയിച്ചു. ചീഫ് ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്.
1991-ലെ പ്ലേസസ് ഓഫ് വർഷിപ്പ് ആക്ട് അനുസരിച്ച്, തർക്കം നിലനിലനിന്നിരുന്ന ബാബറി മസ്ജിദ് മേഖലയും പുരാവസ്തു വകുപ്പിന്റെ കൈവശമുള്ള സ്ഥലങ്ങളും ഒഴികെ ബാക്കിയുള്ള ആരാധനാലയങ്ങളുടെ തനതുസ്ഥിതി നിലനിർത്തണമെന്ന നിയമം ലംഘിക്കുന്നതാണ് സർവേയെന്നാണ് ഗ്യാൻവാപി മസ്ജിദ് കമ്മിറ്റി ആരോപിച്ചത്. എന്നാൽ ഇക്കാര്യത്തെപ്പറ്റി കോടതി വിശദമായി ചർച്ച ചെയ്തില്ല.
ഇന്ന് രാവിലെ ഏഴിന് ആരംഭിച്ച എഎസ്ഐ സര്‍വേ ഉച്ചയ്ക്ക് 12 വരെ തുടർന്നിരുന്നു. ഹിന്ദു ക്ഷേത്രത്തിന്റെ മുകളിലാണ് മസ്ജിദ് പണിതതെന്ന് ആരോപിച്ചുള്ള പരാതിയിന്മേൽ, കനത്ത സുരക്ഷാവലയത്തിലാണ് സര്‍വേ നടപടികള്‍ നടന്നത്.
41 ഉദ്യോഗസ്ഥരാണ് സര്‍വേയില്‍ പങ്കെടുത്തത്. നാല് ഹര്‍ജിക്കാരുടെ പ്രതിനിധികളും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു. എന്നാല്‍ മസ്ജിദ് കമ്മിറ്റി സര്‍വേ ബഹിഷ്കരിച്ചിരുന്നു.
സര്‍വേ അനുവദിച്ചുകൊണ്ട് വ്യാഴാഴ്ചയാണ് അലഹബാദ് ഹൈക്കോടതിയില്‍നിന്ന് അനുകൂല ഉത്തരവുണ്ടായത്. സര്‍വേ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് മസ്ജിദ് കമ്മിറ്റി നല്കിയ ഹര്‍ജി അലഹബാദ് ഹൈക്കോടതി തള്ളുകയായിരുന്നു.