സാന്‍ ജോസ്: മുതലയുടെ ആക്രമണത്തില്‍ ഫുട്‌ബോള്‍ ടീമംഗമായ 29കാരന് ദാരുണാന്ത്യമെന്ന് റിപ്പോര്‍ട്ട്. കോസ്റ്റ റിക്കയിലെ സാന്താക്രൂസിന് സമീപമുള്ള കനാസ് നദിയിലാണ് ജീസസ് ആല്‍ബര്‍ട്ടോ ലോപ്പസ് ഓര്‍ട്ടിസ് എന്ന യുവാവ് കൊല്ലപ്പെട്ടതെന്നും സ്പാനിഷ് മാധ്യമമായ മാര്‍ക്ക റിപ്പോര്‍ട്ട് ചെയ്തു.

നദിക്ക് സമീപമുള്ള പാലത്തില്‍ നിന്നും ഓര്‍ട്ടിസ് നദിയിലേക്ക് ചാടുകയായിരുന്നു. നദിയില്‍ അക്രമണകാരികളായ മുതലകളുളള കാര്യം യുവാവിന് അറിയില്ലായിരുന്നുവെന്നും റിപ്പോര്‍ട്ടിലുണ്ട്.

യുവാവിന്‍റെ ശരീരഭാഗങ്ങള്‍ മുതല കടിച്ചെടുത്തുകൊണ്ട് നീന്തുന്നത് കണ്ടതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. എന്നാല്‍ ഓര്‍ട്ടിസിന്‍റേത് മുങ്ങിമരണമാണോ അതോ മുതലയുടെ ആക്രമണം മൂലം മരിച്ചതാണോ എന്നതില്‍ അവ്യക്തതയുണ്ടെന്നും ഇവര്‍ പറയുന്നു.

കോസ്റ്റ റിക്കയുടെ തലസ്ഥാനമായ സാന്‍ജോസില്‍ നിന്നും 140 മൈല്‍ ദൂരത്താണ് സാന്താക്രൂസ് എന്ന പ്രദേശം.

ഡെപോര്‍ട്ടിവോ റിയോ കനാസ് എന്ന ഫുട്‌ബോള്‍ ടീമിലെ അംഗമായ ഓര്‍ട്ടിസിന്‍റെ മരണം സ്ഥിരീകരിച്ചുവെന്ന് ടീം അധികൃതര്‍ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ വ്യക്തമാക്കി.

യുവാവിന്‍റെ മൃതദേഹ ഭാഗങ്ങള്‍ പുഴയില്‍ നിന്നും വീണ്ടെടുക്കാന്‍ പോലീസിന് മുതലയ്ക്ക് നേരെ വെടിവെക്കേണ്ടി വന്നുവെന്നും പ്രദേശത്തെ റെഡ് ക്രോസ് അംഗങ്ങള്‍ വ്യക്തമാക്കി.