അവാർഡ് വിവാദം; വിനയന്റെ പരാതി സാംസ്കാരിക വകുപ്പിന് കൈമാറി
Wednesday, August 2, 2023 10:46 PM IST
തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര പുരസ്കാരനിർണയത്തിൽ ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത് അഹിതമായി ഇടപെട്ടെന്ന സംവിധായകൻ വിനയന്റെ പരാതി വിശദ പരിശോധനയ്ക്കായി സാംസ്കാരിക വകുപ്പിന് കൈമാറി.
ജൂറി അംഗങ്ങളുടെ ശബ്ദരേഖകൾ ഉൾപ്പെടുത്തി മുഖ്യമന്ത്രിക്ക് നൽകിയ പരാതിയാണ് സാംസ്കാരിക വകുപ്പിന് കൈമാറിയത്.
നേരത്തെ, വിവാദത്തിൽ രഞ്ജിത്തിന് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ ക്ലീൻ ചിറ്റ് നൽകിയത് അംഗീകരിക്കാനാവില്ലെന്നും ജൂറി അംഗമായ നേമം പുഷ്പരാജ് നടത്തിയ വെളിപ്പെടുത്തലുകളിൽ രഞ്ജിത് തന്നെയാണ് മറുപടി നൽകേണ്ടതെന്നും വിനയൻ ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചിരുന്നു.
വിശ്വവിഖ്യാത സംവിധായകർ എന്ത് പറഞ്ഞാലും വിശ്വസിക്കുമെന്നാണോയെന്നും അതിന് നിയമവും ചട്ടവുമൊന്നും നോക്കേണ്ടതില്ലേയെന്നും വിനയൻ കൂട്ടിച്ചേർത്തു.
താൻ സംവിധാനം ചെയ്ത "19-ാം നൂറ്റാണ്ട്' എന്ന ചിത്രത്തിന് പുരസ്കാരങ്ങൾ നൽകരുതെന്ന് രഞ്ജിത്ത് ജൂറി അംഗങ്ങളോട് പറഞ്ഞതായി ആണ് വിനയൻ ആരോപിക്കുന്നത്. ഇത് സാധൂകരിക്കുന്ന തരത്തിൽ, ജൂറി അംഗങ്ങളായ ജെൻസി ഗ്രിഗറി, നേമം പുഷ്പരാജ് എന്നിവർ തന്നോട് സംസാരിക്കുന്ന ശബ്ദരേഖകൾ കൈവശമുണ്ടെന്നാണ് വിനയൻ അറിയിച്ചത്.