കലാപത്തിന് ഉത്തരവാദികളായ ഏവരെയും നിയമത്തിന് മുമ്പിൽ കൊണ്ടുവരും: ഹരിയാന മുഖ്യമന്ത്രി
Wednesday, August 2, 2023 5:51 PM IST
ഛണ്ഡിഗഡ്: നൂഹ് മേഖലയിലെ സാമുദായികസംഘർഷത്തിനും കലാപത്തിനും ഉത്തരവാദികളായ എല്ലാവരെയും നിയമത്തിന് മുമ്പിൽ കൊണ്ടുവരുമെന്ന് ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ.
സംസ്ഥാനത്തെ സാമുദായിക ഐക്യം തകർക്കാനുള്ള ഒരു ശ്രമവും അംഗീകരിക്കില്ലെന്നും ഖട്ടർ അറിയിച്ചു. കേന്ദ്രസേനകളുടെ 20 കമ്പനിയെ സംസ്ഥാനത്ത് വിന്യസിച്ചിട്ടുണ്ടെന്നും ഇന്ത്യൻ റിസർവ് ബറ്റാലിയൻ(ഐആർബി) അംഗങ്ങൾ നൂഹിൽ നിലയുറപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
കലാപത്തിനിടെ ജനങ്ങളുടെ സ്വത്തിന് നാശനഷ്ടം വരുത്തിയ വ്യക്തികളിൽ നിന്നുതന്നെ നഷ്ടപരിഹാരം വാങ്ങാനുള്ള നടപടികൾ ഉണ്ടാവും. പൊതുസ്വത്തിനുണ്ടായ നാശനഷ്ടം സർക്കാർ വഹിക്കുമെന്നും ഖട്ടർ കൂട്ടിച്ചേർത്തു.