മര്‍ദിച്ചത് സുഹൃത്തുക്കള്‍ക്കൊപ്പം; അഫ്സാനയ്ക്കെതിരേ നൗഷാദിന്റെ പരാതി
Wednesday, August 2, 2023 9:16 AM IST
പത്തനംതിട്ട: ഭര്‍ത്താവിനെ കൊന്നു കുഴിച്ചുമൂടിയെന്ന് തെറ്റായ മൊഴി നല്കിയ അഫ്സാനക്കെതിരേ ഭര്‍ത്താവ് നൗഷാദ് പോലീസില്‍ പരാതി നല്കി. അഫ്സാനയും സുഹൃത്തുക്കളും ചേര്‍ന്ന് ക്രൂരമായി മര്‍ദിച്ചുവെന്നും ഇതാണ് നാടുവിടാന്‍ കാരണമെന്നും നൗഷാദ് പരാതിയില്‍ പറയുന്നു.
താന്‍ കുട്ടികളെ അടക്കം ഉപദ്രവിച്ചെന്ന അഫ്സാനയുടെ ആരോപണം കളവാണെന്നും നൗഷാദ് പറയുന്നു. ജയിലില്‍ നിന്നും ഇറങ്ങിയതിന് പിന്നാലെ നൗഷാദിനെതിരേ ഞെട്ടിക്കുന്ന ആരോപണങ്ങൾ അഫ്സാന ഉയര്‍ത്തിയിരുന്നു.
നേരത്തെ, പോലീസിനെതിരേയും അഫ്സാന രംഗത്ത് വന്നിരുന്നു. നൗഷാദിനെ കൊന്നെന്ന് പോലീസ് മര്‍ദിച്ച് പറയിപ്പിച്ചതാണെന്നും കസ്റ്റഡിയില്‍ ക്രൂര മര്‍ദനമേറ്റെന്നും അഫ്സാന ആരോപിച്ചിരുന്നു.
സംഭവത്തിൽ മുഖ്യമന്ത്രി, ഡിജിപി എന്നിവര്‍ക്ക് അഫ്സാന ബുധനാഴ്ച പരാതി നല്‍കാനിരിക്കെ തെളിവെടുപ്പ് വീഡിയോ പോലീസ് ചൊവ്വാഴ്ച പുറത്തുവിട്ടു. ജയിലില്‍ നിന്ന് പുറത്തിറങ്ങിയശേഷം മുഖത്തടക്കം അഫ്സാന കാണിച്ച പാടുകള്‍ വ്യാജമാണെന്നാണ് പോലീസിന്റെ വാദം. കൊലക്കേസില്‍ കുടുക്കാന്‍ മര്‍ദിച്ചുവെന്ന അഫ്സാനയുടെ ആരോപണം കളവാണെന്നും പോലീസ് വിശദീകരിക്കുന്നു.
കലഞ്ഞൂര്‍ പാടത്തുനിന്നും ഒന്നര വര്‍ഷം മുന്‍പ് കാണാതായ നൗഷാദിനെ താന്‍ കൊന്ന് കുഴിച്ചുമൂടിയെന്നായിരുന്നു അഫ്സാന പോലീസിന് കഴിഞ്ഞദിവസം നല്കിയ മൊഴി. പറക്കോട് പരുത്തിപ്പാറയില്‍ വാടകയ്ക്ക് താമസിക്കുമ്പോള്‍ താന്‍ നൗഷാദിനെ തലക്കടിച്ച് കൊന്നു എന്നായിരുന്നു അഫ്സാന പറഞ്ഞത്. ഇതിന്‍പ്രകാരം പോലീസ് സ്ഥലത്ത് തിരച്ചിലും നടത്തി.
ഇതിനിടെ നൗഷാദിനെ ഇടുക്കി തൊമ്മന്‍കുത്തില്‍ നിന്ന് പോലീസ് കണ്ടെത്തി. ഭാര്യയെ ഭയന്ന് നാടുവിട്ട് പോകുകയായിരുന്നുവെന്നായിരുന്നു നൗഷാദിന്റെ മൊഴി.
അഫ്സനായ്ക്ക് എതിരേ എടുത്ത കേസില്‍ പോലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കും. എന്നാല്‍ കബളിപ്പിച്ചുവെന്ന കേസുമായി മുന്നോട്ട് പോകാനാണ് പോലീസിന്റെ തീരുമാനം.