പിളർത്തിയ കൈയ്ക്ക് പുരസ്കാരം; മോദിയുമായി വേദി പങ്കിട്ട പവാറിനെ വിമർശിച്ച് ശിവസേന
Tuesday, August 1, 2023 6:03 PM IST
പുന: മരുമകൻ അജിത് പവാറിനെ ഉപയോഗിച്ച് പാർട്ടി പിളർത്തിയതിനു പിന്നിൽ പ്രവർത്തിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി വേദി പങ്കിട്ട എൻസിപി അധ്യക്ഷൻ ശരദ് പവാറിനെ വിമർശിച്ച് ശിവസേന (ഉദ്ദവ് വിഭാഗം) നേതാവ് സഞ്ജയ് റാവത്ത്. ശരദ് പവാറിന്റെ നടപടിയിൽ ജനങ്ങൾ അമ്പരന്നിരിക്കുകയാണെന്ന് ശിവസേനയുടെ മുഖപത്രമായ സാമ്നയിൽ റാവത്ത് പറഞ്ഞു.
കേന്ദ്ര സർക്കാർ കൊണ്ടുവന്ന “ജനാധിപത്യവിരുദ്ധ” ഡൽഹി ഓർഡിനൻസിനെ പാർലമെന്റിൽ പ്രതിപക്ഷം എതിർക്കുമ്പോൾ, പ്രധാനമന്ത്രി മോദിക്ക് അവാർഡ് സമ്മാനിക്കുന്നത് പവാറിനെ സ്നേഹിക്കുന്നവർ ഇഷ്ടപ്പെടില്ല.
രാജ്യം മോദിയുടെ ഏകാധിപത്യത്തിന് കീഴിൽ പോരാടുകയാണ്. ഇതിനായി ഇന്ത്യ എന്ന പ്രതിപക്ഷ സഖ്യം രൂപീകരിച്ചു. ശരദ് പവാർ ആ സഖ്യത്തിന്റെ ഒരു പ്രധാന ഭാഗമാണ്.
ജനാധിപത്യ മര്യാദകൾ പാലിക്കാത്ത രാഷ്ട്രീയക്കാരനെ ബാലഗംഗാധര തിലകിന്റെ പേരിലുള്ള പുരസ്കാരം നൽകി ആദരിക്കുന്നത് തിലക് നേതൃത്വം കൊടുത്ത സ്വാതന്ത്ര്യസമര പോരാട്ടങ്ങളോടുള്ള അനീതിയാണെന്നും റാവത്ത് കൂട്ടിച്ചേർത്തു.
മോദി പങ്കെടുക്കുന്ന പരിപാടികളിൽ നിന്ന് വിട്ടുനിൽക്കുമെന്ന ചില പ്രതിപക്ഷ പാർട്ടികളുടെ തീരുമാനം നിലനിൽക്കുമ്പോഴാണ് ശരദ് പവാർ മോദിയുമായി പുനയിൽ വേദി പങ്കിട്ടത്. ലോക്മാന്യ തിലക് സ്മാരക മന്ദിർ ട്രസ്റ്റ് സംഘടിപ്പിച്ച പരിപാടിയിൽ മുഖ്യാതിഥിയായിരുന്നു ശരദ് പവാർ.
മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ, ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്, അടുത്തിടെ എൻസിപി പിളർത്തി ബിജെപിയുമായി കൈകോർത്ത അജിത് പവാർ എന്നിവരും വേദിയിൽ ഉണ്ടായിരുന്നു.
ഏഴുവർഷത്തിനു ശേഷമാണ് ശരദ് പവാറും നരേന്ദ്ര മോദിയും വേദി പങ്കിട്ടത്. കോൺഗ്രസും ശിവസേന താക്കറെ വിഭാഗവും പരിപാടിയിൽ പങ്കെടുക്കരുതെന്ന് ശരദ് പവാറിനോട് ആവശ്യപ്പെട്ടിരുന്നു.