വേദിയില്‍ മോദിക്കൊപ്പം പവാര്‍; "ഇന്ത്യ'യില്‍ അതൃപ്തി
Tuesday, August 1, 2023 9:46 AM IST
മുംബൈ: എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍ ചൊവ്വാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം വേദി പങ്കിടും. പുനെയില്‍ തിലക് പുരസ്കാരം നരേന്ദ്ര മോദിക്ക് സമ്മാനിക്കുന്ന ചടങ്ങില്‍ മുഖ്യാതിഥിയാണ് പവാര്‍.
ബാല ഗംഗാധര തിലകിന്റെ കുടുംബ ട്രസ്റ്റ് ഏര്‍പ്പെടുത്തിയതാണ് പുരസ്കരം. മഹാരാഷ്ട്ര ഗവര്‍ണര്‍ രമേഷ് ബായിസ്, മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെ, ഉപമുഖ്യമന്ത്രിമാരായ ദേവേന്ദ്ര ഫഡ്നാവിസ്, അജിത് പവാര്‍ എന്നിവരും പരിപാടിയില്‍ പങ്കെടുക്കും.
പ്രതിപക്ഷ കക്ഷികള്‍ സംയുക്ത പ്രക്ഷോഭത്തിന് രൂപം നല്‍കുന്നതിനിടെയാണ് ശരദ് പവാറിന്റെ വേദി പങ്കിടല്‍ തീരുമാനം. പോരാട്ടത്തിന്റെ കരുത്ത് ചോരുമെന്ന് വിവിധ കക്ഷികള്‍ ചൂണ്ടിക്കാട്ടിയെങ്കിലും മുന്‍ നിശ്ചയിച്ച പരിപാടയുമായി മുന്നോട്ട് പോകാനായിരുന്നു പവാറിന്റെ തീരുമാനം.
എന്‍സിപിയില്‍ നിന്നും എതിര്‍പ്പുയര്‍ന്നിരുന്നു. എന്നാല്‍ തിലക് സ്മാരക മന്ദിര്‍ ട്രസ്റ്റിന്റെ അഭ്യര്‍ഥനപ്രകാരം താനുംകൂടി ചേര്‍ന്നാണ് നരേന്ദ്ര മോദിയെ ചടങ്ങിലേക്ക് ക്ഷണിച്ചതെന്നാണ് പവാറിന്റെ വാദം.