സംഗീതം ഹരമല്ല, ഹറാം; സംഗീതോപകരണങ്ങൾ കത്തിച്ച് താലിബാൻ
Tuesday, August 1, 2023 2:11 AM IST
കാബുൾ: "സാംസ്കാരിക അധഃപതന'ത്തിന് കാരണമാകുന്ന സംഗീതത്തിനെതിരെ നടപടികൾ തുടർന്ന് താലിബാൻ.
സംഗീതം ഹറാമാണെന്നും അത് ചെറുപ്പക്കാരെ വഴിതെറ്റിക്കുന്നതാണെന്നും ആരോപിച്ച് താലിബാന്റെ നേതൃത്വത്തിൽ സംഗീതോപകരണങ്ങളും സ്പീക്കറുകളും പരസ്യമായി തീവച്ച് നശിപ്പിച്ചു. ഹെറാത് പ്രവിശ്യയിലെ പൊതുവേദിയിൽ വച്ചാണ് സ്പീക്കറുകളും ഗിറ്റാർ, തബല, ഹാർമോണിയം എന്നിവ അടക്കമുള്ള ഉപകരണങ്ങളും തീവച്ച് നശിപ്പിച്ചത്.
കല്യാണ മണ്ഡപങ്ങൾ, വീടുകൾ എന്നിവടങ്ങളിൽ നിന്നുൾപ്പെടെ പിടിച്ചെടുത്ത സംഗീതോപകരണങ്ങളാണ് കത്തിച്ചത്. ജൂലൈ 19-നും സമാനമായ തരത്തിൽ പരസ്യ "സംഗീതം നശിപ്പിക്കൽ' യഞ്ജം താലിബാൻ നടത്തിയിരുന്നു. ഇതിന്റെ ചിത്രങ്ങൾ താലിബാൻ നേതൃത്വം പ്രസിദ്ധീകരിക്കുകയും ചെയ്തു.