ചലച്ചിത്ര അവാർഡ് വിവാദം: രഞ്ജിത്തിനെതിരെ നേമം പുഷ്പരാജിന്റെ ഓഡിയോ
Monday, July 31, 2023 8:35 PM IST
തിരുവനന്തപുരം: ചലച്ചിത്ര അവാർഡ് നിർണയത്തിൽ അക്കാദമി ചെയർമാൻ രഞ്ജിത്ത് ഇടപെട്ടതായി ജൂറി അംഗം നേമം പുഷ്പരാജ്. രഞ്ജിത്തിനെതിരെ നേമം പുഷ്പരാജ് സംസാരിക്കുന്നതിന്റെ ഓഡിയോ സംവിധായകൻ വിനയൻ പുറത്തുവിട്ടു. ചെയർമാൻ സ്ഥാനത്തിരിക്കാൻ രഞ്ജിത് യോഗ്യനല്ലന്ന് ഓഡിയോയിൽ നേമം പുഷ്പരാജ് പറയുന്നു.
അവാർഡു നിർണയത്തിൽ നടന്ന ഇടപെടലുകളുടെയും ഗൂഢാലോചനയുടെയും ഞെട്ടിക്കുന്ന വിവരങ്ങൾ വെളിപ്പെടുത്തുമെന്നും വിനയൻ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു. തന്റെ സിനിമ 19 ആം നൂറ്റാണ്ടിനെ ബോധപൂർവം തഴഞ്ഞു എന്ന് വിനയൻ പരാതി പെട്ടിരുന്നു. പിന്നാലെയാണ് ജൂറി അംഗത്തിന്റെ ഓഡിയോ പുറത്തു വിട്ടത്.
രഞ്ജിത്ത് ഇടപെട്ടെന്ന വിവരം അവാർഡു നിർണയ സമയത്തു തന്നെ അറിഞ്ഞിരുന്ന സാംസ്കാരിക വകുപ്പ് ഇപ്പോഴെങ്കിലും നടപടി എടുക്കുമോയെന്നും വിനയൻ ചോദിച്ചു. ഇഷ്ടക്കാർക്ക് അവാർഡ് വീതം വച്ച രഞ്ജിത്തിന്റെ നടപടി സിനിമയ്ക്കുവേണ്ടി ജീവൻകളഞ്ഞു നിൽക്കുന്ന കലാകാരന്മാരോടു ചെയ്യുന്ന ചതിയാണെന്നും വിനയൻ പറഞ്ഞു.