പോലീസിനു ശമ്പളം നൽകുന്നത് മാപ്പ് എഴുതാനല്ലെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ
Sunday, July 30, 2023 5:58 PM IST
തിരുവനന്തപുരം: ആലുവയിലെ അഞ്ചു വയസുകാരിയുടെ കൊലപാതകത്തിൽ കേരള പോലീസിനെ വിമർശിച്ച് കേന്ദ്രമന്ത്രി വി. മുരളീധരൻ. നികുതിപ്പണത്തിൽനിന്നു ശമ്പളം നൽകി സേനയെ സൃഷ്ടിച്ചത് ഫേസ്ബുക്കിൽ മാപ്പെഴുതാനല്ലെന്ന് മുരളീധരൻ പറഞ്ഞു.
പട്ടാപ്പകൽ നഗരമധ്യത്തിൽ ബലാത്സംഗക്കൊല സംഭവിക്കുന്നത് ആരുടെ വീഴ്ചയെന്നതിൽ അന്വേഷണം വേണം. ഉത്തരവാദികൾക്കെതിരെ നടപടി വേണം. കുറ്റകൃത്യം നടന്ന ശേഷം പ്രതിയെ പിടിച്ചെന്ന് വീമ്പ് പറയുകയല്ല വേണ്ടതെന്നും ജനത്തിന് സുരക്ഷ ഒരുക്കാനാകണമെന്നും മുരളീധരൻ പറഞ്ഞു.
മനുഷ്യ മനസാക്ഷിയെ വിറങ്ങലിപ്പിക്കുന്ന ക്രൂരകൃത്യത്തിനാണ് കേരളം സാക്ഷ്യം വഹിച്ചത്. ആലുവയിലെ പെൺകുട്ടിയുടെ കൊലപാതകം മലയാളികളെ ലജ്ജിപ്പിക്കുകയാണ്. ഈ സംഭവം കഴിഞ്ഞ ശേഷം കേരള പോലീസ് ഫേസ്ബുക്കിലൂടെ മാപ്പ് അപേക്ഷിക്കുകയാണ്. കേരള പോലീസിന്റെ പണി മാപ്പ് അപേക്ഷിക്കലല്ല. അതിനു വേണ്ടിയല്ല നികുതിപ്പണത്തിലൂടെ പോലീസ് സേനയ്ക്ക് ശമ്പളം നൽകുന്നത്.
ഇത്തരത്തിൽ വീഴ്ചയുണ്ടായതിന്റെ ഉത്തരവാദിത്തം ആർക്കാണെന്ന് കണ്ടെത്തേണ്ടതുണ്ട്. പകൽ സമയത്ത് നടന്ന കുറ്റകൃത്യം തടയാൻ എന്തുകൊണ്ട് പോലീസിനു കഴിഞ്ഞില്ലെന്നും മുരളീധരൻ ചോദിച്ചു.