"പോലീസ് മർദിച്ചു, നൗഷാദിനെ കൊന്നെന്ന് പറയാൻ പ്രേരിപ്പിച്ചു'; ആരോപണവുമായി അഫ്സാന
Sunday, July 30, 2023 4:50 PM IST
പത്തനംതിട്ട: കൂടലിൽ നിന്ന് കാണാതായ നൗഷാദിനെ താൻ കൊന്നെന്ന് മൊഴി നൽകാൻ പോലീസ് പ്രേരിപ്പിച്ചെന്നും ഇതിനുവേണ്ടി ക്രൂരമായി മർദിച്ചെന്നും ആരോപിച്ച് അഫ്സാന.
ഭർത്താവ് നൗഷാദിനെ കൊന്നെന്ന വ്യാജ മൊഴി നൽകി പോലീസിനെ തെറ്റിധരിപ്പിച്ച കേസിൽ ജാമ്യത്തിലിറങ്ങിയതിന് പിന്നാലെയാണ് ഈ വെളിപ്പെടുത്തൽ.
കസ്റ്റഡിയിലിരിക്കെ വനിതാ പോലീസ് ഉൾപ്പെടെ മർദിച്ചെന്നും ശരീരത്തിൽ പലതവണ പെപ്പർ സ്പ്രേ അടിച്ചെന്നും അഫ്സാന ആരോപിച്ചു. മർദനം സഹിക്കാൻ പറ്റാതെ വന്നപ്പോഴാണ് ഭർത്താവിനെ കൊന്നെന്ന് സമ്മതിച്ചത്.
നൗഷാദിന് മാനസിക വൈകല്യമുണ്ടെന്നും മദ്യപാനിയായ അയാൾ തന്നെയും മക്കളെയും സ്ഥിരമായി ഉപദ്രവിച്ചിരുന്നെന്നും അഫ്സാന ആരോപിച്ചു.
കലഞ്ഞൂര്‍ പാടം വണ്ടണി പടിഞ്ഞാറ്റേതില്‍ നൗഷാദിനെ(34) 2021 നവംബറിലാണ് കാണാതായത്. ഭര്‍ത്താവായ നൗഷാദിനെ കൊന്ന് കുഴിച്ചുമൂടിയെന്ന് ഭാര്യ അഫ്സാന നല്കിയ മൊഴിയിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ട കേസില്‍, വഴിത്തിരിവെന്നോണമാണ് ഈ വെള്ളിയാഴ്ച നൗഷാദിന്റെ രംഗപ്രവേശം ഉണ്ടായത്.
നൗഷാദിന്റെ മൃതദേഹം തേടി വ്യാഴാഴ്ച പോലീസ് ഇവര്‍ താമസിച്ചിരുന്ന അടൂര്‍ പരുത്തിപ്പാറയിലെ വീട്ടിലും പരിസരങ്ങളിലും വ്യാപക തെരച്ചില്‍ നടത്തിയിരുന്നു.
വെള്ളിയാഴ്ച തൊടുപുഴയില്‍ കണ്ടെത്തിയതിന് പിന്നാലെ നൗഷാദിനെ പത്തനംതിട്ട കോടതിയിലെത്തിച്ചിരുന്നു. പിന്നീട് ഇയാളെ കൂടല്‍ പോലീസ് സ്റ്റേഷനിലെത്തിച്ചശേഷം മാതാപിതാക്കള്‍ക്കൊപ്പം പറഞ്ഞയച്ചു. ഭാര്യയും സുഹൃത്തുക്കളും ചേര്‍ന്ന് തന്നെ മര്‍ദിച്ചവശനാക്കിയെന്നും ഇതേത്തുടര്‍ന്നാണ് താൻ നാടുവിട്ടതെന്നും നൗഷാദ് പോലീസിനോട് പറഞ്ഞു.