ശാരീരികാസ്വാസ്ഥ്യം; ബംഗാൾ മുൻ മുഖ്യമന്ത്രി ബുദ്ധദേബ് ഭട്ടാചാര്യ ആശുപത്രിയിൽ
Saturday, July 29, 2023 6:02 PM IST
കോൽക്കത്ത: പശ്ചിമ ബംഗാൾ മുൻ മുഖ്യമന്ത്രി ബുദ്ധദേബ് ഭട്ടാചാര്യയെ(79) ശാരീരികാസ്വാസ്ഥ്യം മൂലം ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കടുത്ത ശ്വാസതടസം അനുഭവപ്പെട്ട അദ്ദേഹം വെന്റിലേറ്റർ സഹായം തേടിയെന്നാണ് വിവരം.
ഇന്ന് ഉച്ചയോടെയാണ് ഭട്ടാചാര്യയെ കോൽക്കത്ത നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പാം അവന്യുവിലെ വസതിയിൽ വച്ച് ശ്വാസതടസം അനുഭവപ്പെട്ട് ബോധരഹിതനായ അദ്ദേഹത്തെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കുകയായിരുന്നുവെന്ന് ബന്ധുക്കൾ അറിയിച്ചു.
2000 മുതൽ തുടർച്ചയായ 11 വർഷം ബംഗാൾ ഭരിച്ച ഭട്ടാചാര്യയെ ഏറെ നാളായി സിഒപിഡി അടക്കമുള്ള അസുഖങ്ങൾ അലട്ടുന്നുണ്ട്. 2018-ൽ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിൽ നിന്നൊഴിഞ്ഞ അദ്ദേഹം സജീവരാഷ്ട്രീയത്തിൽ നിന്ന് ഏറെനാളായി വിട്ടുനിൽക്കുകയാണ്.